കൊല്‍ക്കത്ത: ബി.ജെ.പിയെ പ്രകോപിപ്പിച്ചുകൊണ്ട് മമതാ ബാനർജിയെ പ്രശംസിച്ച് ഗവർണർ സി.വി ആനന്ദബോസ്. സെന്‍റ് സേവ്യേഴ്സ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആനന്ദബോസ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവരുടെ പട്ടികയിൽ മമതയെ ഉൾപ്പെടുത്തിയിതാണ് വിവാദമയത്. ‘മമത ബാനര്‍ജിയെ പോലെ ഇവരെല്ലാം എഴുത്തുകാരായ രാഷ്ട്ര തന്ത്രജ്ഞരും രാഷ്ട്രീയക്കാരുമാണ്’ എന്നായിരുന്നു ആനന്ദ ബോസിൻ്റെ പരാമർശം.
ഇതിനെതിരെ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പരസ്യമായി രംഗത്തെത്തി. 1943 ലെ ബംഗാൾ ക്ഷാമത്തിനു ഉത്തരവാദിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെപ്പോലെയാണ് മമത ബാനർജിയെന്ന ഗവർണറുടെ നിരീക്ഷണത്തോട് താൻ ഭാഗികമായി യോജിക്കുന്നു. വിശപ്പും പോഷകാഹാരക്കുറവും കാരണം നാല് ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായ മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശമായ വംശഹത്യയാണതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സെന്‍റ് സേവ്യേഴ്സ് സർവകലാശാലയിലെ ഗവർണറുടെ പരാമർശം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള പ്രസംഗത്തിന്‍റെ റിഹേഴ്സൽ ആണെന്നും സുവേന്ദു പരിഹസിച്ചു.