ഇനി മുതൽ യുപിഐ വഴി ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇടപാട് നടത്താൻ കഴിയും. റിസർവ് ബാങ്ക് മേധാവി ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ജി 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാവുക. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മാത്രമേ ഈ സൗകര്യം ആദ്യം ലഭ്യമാകൂ. ക്രമേണ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഇന്ത്യയിൽ ഇലക്ട്രോണിക് പേയ്മെന്‍റുകൾക്കായി ഉപയോഗിക്കുന്ന ജനപ്രിയ സേവനമാണ് യുപിഐ. വഴിയോരക്കച്ചവടക്കാർ മുതൽ വൻകിട ഷോപ്പിംഗ് മാളുകളിൽ വരെ യുപിഐ ഇടപാടുകൾ ഇന്ന് ലഭ്യമാണ്. ഡിസംബറിൽ യുപിഐ ഇടപാടുകൾ 12.82 ലക്ഷം കോടിയായി ഉയർന്നിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ ഉപയോഗിക്കാൻ കഴിയുമെന്ന് സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂർ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്.