Breaking News

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പ്രാര്‍ഥന; മതത്തിൽ അനുവാദമില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: സ്ത്രീകളെ മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്നോ പ്രാർത്ഥന നടത്തുന്നതിൽ നിന്നോ വിലക്കിയിട്ടില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നിരുന്നാലും, പള്ളികൾക്കുള്ളിൽ പുരുഷൻമാരോടൊപ്പം പ്രാർത്ഥിക്കാൻ മതത്തിൽ അനുവാദമില്ലെന്നും ബോർഡ് വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്.

പള്ളിയിൽ സ്ത്രീകൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനു വിലക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നമസ്കാരവും നിഷിദ്ധമല്ല. എന്നാൽ മതം പുരുഷൻമാരെയും സ്ത്രീകളെയും ഒരേ സ്ഥലത്ത് പ്രാർത്ഥിക്കാൻ അനുവദിക്കുന്നില്ല. ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പള്ളി കമ്മിറ്റികൾ തന്നെ സ്ത്രീകൾക്ക് പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാൻ പ്രത്യേക സ്ഥലം ഒരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ പള്ളിക്കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു.

മക്കയിലും മദീനയിലും പുരുഷൻമാർക്കൊപ്പം സ്ത്രീകളും ഉംറ നിർവഹിക്കുന്നുണ്ടെന്നും അതിനാൽ പള്ളികളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്ക് നമസ്കരിക്കാനും മറ്റും അനുമതി നൽകണമെന്നും അഭിഭാഷകൻ ഫറ അന്‍വര്‍ ഹുസ്സൈന്‍ ഷെയ്ഖ് ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ മതഗ്രന്ഥങ്ങളിൽ ലിംഗത്തിന്‍റെ പേരിലുള്ള വേർതിരിവ് വ്യക്തമാക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ ബോർഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …