Breaking News

കവി ഡോ.പി.എൻ.വാസുവിന്റെ ഹൃദയസ്പർശിയായ കവിതകൾ ജനശ്രദ്ധ ആകർഷിക്കുന്നു…

23 വർഷത്തെ മെഡിക്കൽ സേവനത്തിനു ശേഷം മെഡിക്കൽ സർവ്വീസിൽ നിന്നും ഓർത്തോ സർജനായി വിരമിച്ച ഡോ.പി.എൻ.വാസു ഇപ്പോൾ സ്വന്തമായി പത്തനംതിട്ട ജില്ലയിൽ ഏനാത്ത് നന്ദനം ക്ലിനിക്ക് എന്ന ആശുപത്രി നടത്തിവരുന്നു. സാധാരണപ്പെട്ടവരുടെ പ്രിയപ്പെട്ട ഡോക്ടർ എന്ന പേരിൽ നാടെങ്ങും അറിയപ്പെടുന്ന ഇദ്ദേഹം ഒരു കവി കൂടിയാണ്.

ഒഴിവു സമയങ്ങളിൽ രചിച്ചിട്ടുള്ള കവിതകൾ മിക്കതും ഈടുറ്റതും ഹൃദയസ്പർശിയായിട്ടുള്ളതുമാണ്. നൂറു കണക്കിന് കവിതകൾ രചിച്ചിട്ടുള്ള ഈ മഹാപ്രതിഭ നിരവധി കവി കൂട്ടായ്മകളിൽ അംഗവുമാണ്. ഡോ.പി.എൻ.വാസുവിന്റെ കവിതകൾ ഹൃദയസ്പർശിയും അനുഭവവേദ്യവും ആയതുകൊണ്ട് കാവ്യ ഹൃദയങ്ങളിൽ ആകമാനം പുതിയ ഒരു പൂനിലാവ്വെളിച്ചം വീശുമെന്നുള്ളതിൽ തർക്കമില്ല.

സ്നേഹത്തണൽ

ഇന്നലെ കണ്ട കിനാവിൻ ശേഷിപ്പുകളിൽ,
നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി
മധുര സ്മരണകളയവിറക്കി
കാലം പകർന്ന ഓർമ്മകൾ തേടും ഒരമ്മമനസ്സ്.
ജീവിതസായാഹ്നങ്ങളിൽ ഉറ്റവർ തൻ
തണൽ തേടിഅലയും പഥികർ,
ഒന്നിയ്ക്കു മവസാനമൊരു കൂരയ്ക്കുള്ളിൽ,
ഹൃദയ ഭാരമിറക്കി സ്വയം ശാന്തി തേടുന്നവർ.
മനസ്സ് നിറഞ്ഞ നൊമ്പരങ്ങളിലലിഞ്ഞ് തന്നവശതകളിൽ
നോവും മനസ്സ് ഒരിത്തിരി സ്നേഹത്തിനായ്
ഒടുവിൽ ഒരു കൂട്ടിലെ പക്ഷിപോൽ ചിരിതൂവും നിമിഷം.
ജിവിതക്ളേശം ഭാരമായ് തിർന്നപ്പോഴും
മനസ്സും ശരീരവും തളർത്തിയ പ്രാരാബ്ധങ്ങളിലും
എന്നുമൊരു കരുതലായികൂടെ നിർത്തിയവർ
ജീവിതന്ത്യത്തിൽ ഇന്നന്ന്യരായി.
ആതുരതയിൽ എൻ ശക്തിചോർന്നു പോകവേ
വിധവയാമെനിക്കെന്നും തണലായി ആശ്വസിപ്പിക്കുവാൻ ഉണ്ടാവും
മക്കളെന്നെന്നെ വിശ്വസിപ്പിച്ചിരുന്നെരാൾ.
കാലം മായ്ക്കാത്ത ഓർമ്മകളിലെന്നും
മായാത്ത അടയാളങ്ങളാണ് മക്കൾ,
നൊമ്പരകാഴ്ചയായ് അനുദിനംനിറയുന്നു
അശരണരാം അന്തേവാസികളിവിടെ.
ഒരുകൂരതൻ തണലിൽ പരസ്പരം താങ്ങും തണലുമായ് കാത്തിരിയ്ക്കുന്നു,
മനസ്സിൽ ഒടുങ്ങാത്ത നെടുവീർപ്പുമായി ‘അമ്മേ’യെന്നൊരു പിൻ വിളികേൾക്കാൻ.

തുളസിത്തറ

ഓർക്കാതിരിയ്ക്കുവാനായില്ലെനിക്കീ ദിനം,
എന്നച്ഛൻ മരിച്ചിട്ടിന്ന് മൂന്നുപതിറ്റാണ്ട്
ഉമ്മറകോലായിൽ ഒറ്റയ്ക്കിരുന്നു ഞാൻ
ഓർത്തെൻ മാതാപിതാക്കളെ തെല്ലുനേരം.
പിച്ചവച്ചോടി കളിച്ചോരാ മുറ്റത്തിനപ്പുറം
അച്ഛനുറങ്ങുന്നു ശാന്തമായ് നിത്യവും,
ഓർത്തു ഞാനറിയാതെൻ അമ്മയേയും
വിട്ടു പിരിഞ്ഞിട്ടിന്ന് രണ്ട് പതിറ്റാണ്ടിലേ- റെയായ്.
ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുളളികൾ മെല്ലെ
ഒപ്പിയെടുത്തു ഞാൻ മറ്റാരും കാണാതെ,
നോവുമെൻ മനസിലൊരു നെടുവീർപ്പായെൻ
ബാല്ലൃത്തിൻ ഓർമ്മകൾ എരിഞ്ഞടങ്ങി.
നിതൃവും ആച്ഛൻെറ അസ്ഥിത്തറയിൽ
നാമജപങ്ങളാൽ തിരിതെളിയ്ക്കും എന്നമ്മ,
അച്ഛനുറങ്ങുന്ന ആറടി മണ്ണിൻ്റെ
ശാന്തിയെ പുൽകി ഉറങ്ങുന്നെന്നമ്മയും തൊട്ടടുത്തായ്.
അച്ഛൻ നട്ടു നനച്ചു വളർത്തിയ മുറ്റത്തെ
മൂവാണ്ടൻ മാവിൻ്റെ ചില്ലകൾ നിറയെ
മൂത്തു പഴുത്ത മാമ്പഴം മുറ്റി നിറയവേ,
എൻ നാവിലൂറുന്നു രുചിതൻ പുളിപ്പും മധുരവും.
ആളനക്കമില്ല, കാൽ പെരുമാറ്റങ്ങളില്ല,
ഓടികളിയ്ക്കുവാനിന്ന് പൈതങ്ങൾ ഏതുമില്ല,
ചോർന്നൊലിച്ചു ദ്രവിച്ചു തകർന്ന തറവാടിൻ
തിരു മുറ്റത്തായ് ഇളകി തകർന്ന “തുളസിതറ”മാത്രം

സ്മാരകശിലകൾ

ഉച്ചമയക്കത്തിനാഴത്തിലെപ്പഴോ
ഊളിയിട്ടോർമ്മകൾ കൊണ്ടുപോയി,
പിച്ചവച്ചോടി കളിച്ച തറവാടിൻ മുറ്റത്ത്
അവിടെയാണെന്നമ്മ കളിച്ചു വളർന്ന എൻ്റെ ഗ്രാമം.
അസ്തിത്വത്തിൻ വേരുകൾ തേടിയ യാത്രയിൽ
തെളിയുന്നു പുഴകളും, പൂക്കളും,മാവും,മരങ്ങളും
പൂവിട്ട വസന്തം, അതിൽ പ്രാവും പരുന്തും അണ്ണാറകണ്ണനും
ഓടികളിയ്ക്കുന്ന എൻ്റെ ഗ്രാമം.
ടാറിട്ട റോഡില്ല,വൈദ്യുതിയില്ല,വഴി-വിളക്കില്ല,
പാദരക്ഷകളില്ലാതെ നഗ്ന-പാദങ്ങളാൽ,
മേൽകുപ്പായമില്ലാതെ ഈരിഴ തോർത്തുടുത്ത്,
ആടിയും പാടിയും ചാടിത്തിമിർത്ത എൻ്റെ ഗ്രാമം.
ആശാൻ കളരിയും,കുടിപള്ളിക്കുടവും
ധർമ്മാശുപത്രിയും,താണ്ടുവാനേറെ- നടന്ന ബാല്യം,
പേറും പ്രസവവും പരി-പാലനങ്ങളും ചെയ്യും
അമ്മ മനസ്സുള്ള വയറ്റാട്ടികളുള്ള എൻ്റെ ഗ്രാമം.
പാടത്ത് പണിയുവാൻ വിത്ത് വിതയ്-ക്കുവാൻ
കാലത്തും നേരത്തും കളപറിച്ച്,
വിളയുന്ന നെൽമണി കൊയ്യത്
കച്ചിയും കതിരും തരംതിരിച്ച്
കച്ചിത്തുറു കെട്ടും പെണ്ണാളുകളുള്ള എൻ്റെ ഗ്രാമം.
അറ്റുപോയ പഴമ തൻ വേരുകൾ തേടി ഞാനെത്തി,
പഴയ പടിയും പടിപ്പുരയും കാവും,
കുളങ്ങളുമുള്ള അമ്മതൻ തറവാടിൻ മുറ്റത്ത്,
ഇവിടെയാണ് എൻ പിത്രുക്കൾ”സ്മാരക ശില”യായ് തീർന്ന എൻ്റെ ഗ്രാമം.

യാത്രാമൊഴി

ഏകനാമെൻ ഹൃദയതാളങ്ങളിൽ
ഇനിയൊരു നെടുവീർപ്പായ് നിറയും നിന്നോർമ്മകൾ,
ദിവ്യസുഗന്ധമായ് തമ്മിൽ നിറഞ്ഞൊഴുകിയ സ്നേഹം,
വീണുടഞ്ഞു ഒട്ടും നിനച്ചിടാത്തൊരു നമിഷം.
പണ്ടു പണ്ടേ നി എൻ സഖിയായ് വധു-വായി നിഴലായി,
എന്നിൽ നിറഞ്ഞൊഴുകി നിൻ സ്നേഹസാന്ത്വനം,
വീണുടയാതെ കാത്തൊരാ ദാമ്പദ്യ സൗഹൃദം,
പൂത്തുലഞ്ഞ വിശുദ്ധിയിൽ തനിയെ നീയിന്ന് യാത്രയായി.
കാലമതിനി ഒരോർമ്മമാത്രമായ് എന്നിൽ നിറയും,
തേങ്ങുമെൻ ഹൃദയവിതുമ്പൽ നി കേൾക്കാതിരിയ്ക്കട്ടെ,
ചിറകൊടിഞ്ഞൊരു പക്ഷി പോൽ തനിയെ
ഞാനിന്ന് യാത്ര തുടരുന്നു നിൻ തണൽതേടി.
നിത്യശാന്തിയെ പുൽകി ഉണരാതെ
ഉറങ്ങുമെൻ സഖി നിൻ തലക്കലായ്
കത്തിഎരിയും നിലവിളക്കിൻ വെളിച്ചം
തുറക്കും സ്വർഗ്ഗ വാതലിലേയ്ക്കൊരു വഴികാട്ടി ആയി നിൽക്കവേ,
വരും ഞാനുമാ വഴി ഒരിക്കൽ നിന്നിലലിഞ്ഞു തീരാൻ.
യാത്രയാകാം നേരം നിൻ തിരുനെറ്റിയിൽ
ഞാൻ സിന്ദൂരമണിയച്ചത് ആർദ്രമാം
എൻ ഹൃദയ നൊമ്പരം ഇടനെഞ്ചിലറിയാതുണ-
രുമെൻ നെടുവീർപ്പുകൾ എൻ
“യാത്രാമെഴി”യായ് നിനക്കായ് സമർപ്പിപ്പു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …