ന്യൂഡല്‍ഹി: തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 20,000 ത്തിലധികം പേരാണ് മരിച്ചത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർചലനങ്ങളും ഇരു രാജ്യങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തു. കടുത്ത തണുപ്പും പട്ടിണിയും പരിക്കേറ്റവരും മൃതദേഹങ്ങളുമാണ് രാജ്യത്തെമ്പാടും.
അതിജീവിച്ചവർക്ക് പുനരധിവാസം ആവശ്യമാണ്. അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയോ മരിച്ചോ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് തുർക്കിയിലേക്കും സിറിയയിലേക്കും ഇന്ത്യ ദുരിതാശ്വാസ പ്രവർത്തകരെയും ദുരിതാശ്വാസ സാമഗ്രികളും അയച്ചത്. ഇന്ത്യയെ കൂടാതെ മറ്റ് നിരവധി രാജ്യങ്ങളും ഈ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
‘ഓപ്പറേഷൻ ദോസ്ത്’ എന്നാണ് തുർക്കിയിലെയും സിറിയയിലെയും രക്ഷാ ദൗത്യങ്ങൾക്ക് ഇന്ത്യ പേരിട്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ദുരിതാശ്വാസ സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകളുമായി ഇന്ത്യയിൽ നിന്ന് ആറ് വിമാനങ്ങളാണ് അയച്ചിട്ടുള്ളത്. 50 ഓളം എൻഡിആർഎഫ് സെർച്ച് ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ, മറ്റ് അവശ്യ സേവനങ്ങൾ, ഉപകരണങ്ങൾ എന്നിവ ഓപ്പറേഷൻ ദോസ്തിന്‍റെ ഭാഗമാണ്. തുര്‍ക്കി സര്‍ക്കാരുമായും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചാണ് ഓപ്പറേഷന്‍ ദോസ്ത് പ്രവർത്തിക്കുന്നത്.