Breaking News

ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധു ആരോപിച്ചു. എങ്ങനെയാണ് മരിച്ചതെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനാണ് (46) മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതൽ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. 15 മീറ്റർ ഉയരമുള്ള മരത്തിലാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സംഭവത്തിൽ ഗുരുതര ആരോപണവുമായി വിശ്വനാഥന്‍റെ കുടുംബം രംഗത്തെത്തി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ചാണ് വിശ്വനാഥനെ ചോദ്യം ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് വിശ്വനാഥനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റം ആരോപിക്കപ്പെട്ടതിൽ വിശ്വനാഥൻ ദേഷ്യവും സങ്കടവും പ്രകടിപ്പിച്ചിരുന്നുവെന്നും അതിനുശേഷമാണ് വിശ്വനാഥനെ ആശുപത്രിയിൽ നിന്ന് കാണാതായതെന്നും വിശ്വനാഥന്‍റെ അമ്മായിയമ്മ ലീല പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായ സന്തോഷത്തിലായിരുന്നു വിശ്വനാഥനെന്നും ലീല പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …