Breaking News

ജി.എസ്.ടി കുടിശ്ശിക; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മറുപടിയുമായി കെ.എൻ. ബാലഗോപാൽ

അ‌ഗർത്തല(ത്രിപുര): കഴിഞ്ഞ 5 വർഷമായി കേരളം ജി എസ് ടി കുടിശ്ശികയുടെ കണക്ക് നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പരാമർശത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അവസാന ഗഡുവായി 750 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കാനുള്ളത്. നഷ്ടപരിഹാര തുക അഞ്ച് വർഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യമെന്നും ബാലഗോപാൽ പറഞ്ഞു.

ഇന്ധന വില വർദ്ധിപ്പിക്കാനുള്ള കേരള സർക്കാർ തീരുമാനം പ്രേമചന്ദ്രൻ എം.പിയാണ് ലോക്സഭയിൽ ഉന്നയിച്ചത്. ജി.എസ്.ടി നഷ്ടപരിഹാരമടക്കം കേന്ദ്രത്തിൽ നിന്ന് അർഹമായ വിഹിതം ലഭിക്കാത്തതിനാലാണ് ഇന്ധനവില വർദ്ധിപ്പിക്കാൻ നിർബന്ധിതരായതെന്നാണ് സർക്കാർ പറയുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അക്കൗണ്ടന്‍റ് ജനറൽ അംഗീകരിച്ച കണക്കുകൾ ജിഎസ്ടി നടപ്പാക്കിയ 2017-18 മുതൽ കേരളം നൽകിയിട്ടില്ലെന്നും, അതിനാലാണ് പണം നൽകാൻ കഴിയാത്തതെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി.

അതേസമയം കുടിശ്ശിക കിട്ടാനില്ലെന്ന വിഷയമല്ല സർക്കാർ ഉന്നയിക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു. അവസാന ഗഡുവായ 750 കോടി രൂപ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കൊവിഡും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതയും മൂലം സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കേരളത്തിന് അർഹമായ കേന്ദ്ര വിഹിതവും ലഭിക്കുന്നില്ല. കണക്കുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. അതാണ് സംസ്ഥാനം ചോദിക്കുന്നത്. കേരളത്തിന്‍റെ താൽപ്പര്യത്തിന് വിരുദ്ധമായ മറുപടി കേന്ദ്രമന്ത്രി നൽകിയപ്പോൾ എം.പി അത് തിരുത്തേണ്ടതായിരുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …