കാലിഫോര്‍ണിയ: യുഎസ് സൈന്യം വെടിവെച്ചിട്ട ചൈനീസ് ചാരബലൂണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. മൂന്ന് ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ പറന്നതിനെ തുടർന്നാണ് യുഎസ് ബലൂൺ വെടിവെച്ചിട്ടത്. അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്നാണ് ബലൂണിൽ നിന്നുള്ള സെൻസറുകൾ ഉൾപ്പെടെ കണ്ടെടുത്തത്. എല്ലാ സെൻസറുകളും കണ്ടെടുത്തതായി യുഎസ് നോർത്തേൺ കമാൻഡ് അറിയിച്ചു.
വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ എഫ്ബിഐ പരിശോധിച്ച് വരികയാണെന്ന് യു എസ് അറിയിച്ചു. ഫെബ്രുവരി നാലിന് ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിന് ശേഷം സമാനമായ മൂന്ന് അജ്ഞാത വസ്തുക്കൾ യുഎസ് വീണ്ടും വെടിവെച്ചിട്ടിരുന്നു. തിങ്കളാഴ്ച സൗത്ത് കരോലിനയ്ക്ക് സമീപം ബലൂണിന്‍റെ വലിയ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. 30 മുതൽ 40 അടി വരെ നീളമുള്ള ബലൂണിന്‍റെ ആന്‍റിനയും കടലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ചാരപ്രവർത്തനത്തിനായാണ് ഈ ബലൂണുകൾ ഉപയോഗിച്ചതെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഇത് കാലാവസ്ഥാ ബലൂണാണെന്നാണ് ചൈനയുടെ വാദം. അലാസ്ക, കാനഡയിലെ യുക്കോൺ, യുഎസ്-കാനഡ അതിർത്തിയിലെ ഹുറൂൺ തടാകത്തിന് സമീപത്തുമാണ് അമേരിക്ക അജ്ഞാത വസ്തുക്കൾ വെടിവെച്ചിട്ടത്.