ഗുവാഹത്തി : ഉയർന്ന വിദ്യാഭ്യാസവും, അതിനൊത്ത ജോലിയും, ശമ്പളവുമുള്ള പലരും അതെല്ലാം വേണ്ടെന്ന് വച്ച് ഗ്രാമങ്ങളിലെ വിദ്യാർത്ഥികളെയും മറ്റും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന കഥകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് നാം കേൾക്കാറുണ്ട്. ഇതിലേക്ക് ശ്രാവൺ എന്ന യുവാവിന്റെ കഥയും ചേർത്തുവെക്കപ്പെടുകയാണ്.
സുഹൃത്തായ രാഹുൽ രാജാണ് സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ശ്രാവണിനെ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയത്. ഐ.ഐ.ടി. ഗുവാഹത്തിയിൽ നിന്ന് ബിരുദം നേടി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളത്തോടെ ജോലി നേടിയെങ്കിലും വളരെ ലളിതമായി കണക്ക് പഠിക്കാൻ കഴിയുന്ന പാഠങ്ങളുമായി ഒരു നാടോടിയെപോലെ ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സഞ്ചരിക്കുകയാണ് ശ്രാവൺ.
ഐ.ഐ.ടി.യിലോ മറ്റ് ഉയർന്ന സ്ഥാപനങ്ങളിലോ അദ്ദേഹത്തിന് ഇനിയും ഉയർന്ന ജോലി നേടാൻ സാധിക്കും. എന്നാൽ കണക്കിനോടുള്ള തന്റെ ഇഷ്ടം സാധാരണക്കാരായ കുട്ടികളിലേക്കുമെത്തിച്ച് ആ വിഷയത്തോടുള്ള പേടി മാറ്റി എടുക്കാനാണ് ശ്രാവൺ ഇഷ്ടപെടുന്നത്. ഉയർന്ന ഫീസ് നൽകാൻ കഴിയാത്തതിനാൽ വിദ്യാഭ്യാസം മുടങ്ങിയ നിർധനരായ കുട്ടികൾക്ക് ശ്രാവണിനെപോലുള്ളവർ വളരെ അനുഗ്രഹമാണ്. വിദ്യാഭ്യാസം നൽകുന്നതിൽ പണക്കാരനെന്നും, പാവപ്പെട്ടവനെന്നുമുള്ള വേർതിരിവ് പാടില്ലെന്ന് അദ്ദേഹം ഓർമ്മപെടുത്തുന്നു.