ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഇനി ഒരു മത്സരത്തിനില്ലെന്നും മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നും തരൂർ പറഞ്ഞു.
ഛത്തീസ്ഗഢിലെ റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു അഭിമുഖം. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. അധ്യക്ഷ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രയ്ക്കും ശേഷം, 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള സമ്മേളനമാണിത്.