കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ ത്രിമൂർത്തികളിൽ ഒരാളായി അറിയപ്പെടുന്ന ഇതിഹാസ താരം തുളസീദാസ് ബലറാം (86) അന്തരിച്ചു. ഏറെ നാളായി വൃക്കരോഗ ബാധിതനായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1956 ലെ മെൽബൺ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗമായിരുന്നു ബലറാം.
ഇന്ത്യൻ ഫുട്ബോളിന്‍റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്ന 1950 കളിലെയും 60 കളിലെയും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്ന ബലറാം സെന്‍റർ ഫോർവേഡായും ലെഫ്റ്റ് വിങ്ങറായും ടീമിൽ കളിച്ചിരുന്നു. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ബലറാമിന് അതേ വർഷം അർജുന അവാർഡും ലഭിച്ചു.
തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ തുളസീദാസ് കാളിദാസിന്‍റെയും മുത്തമ്മയുടെയും മകനായി സെക്കന്തരാബാദിൽ ജനിച്ച ബലറാം ഡ്രിബ്ലിംഗിലും പാസിംഗിലും മികവ് പുലർത്തി. 1960-ലെ റോം ഒളിമ്പിക്സിലെ ബലറാമിന്‍റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി. പെറു, ഹംഗറി, ഫ്രാൻസ് എന്നിവരടങ്ങുന്ന ഡെത്ത് ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ലെങ്കിലും ബലറാമിന് ഗോൾ നേടി ശോഭിക്കാൻ കഴിഞ്ഞു. ഹംഗറിയോട് 2-1ന് തോറ്റപ്പോൾ ബലറാമാണ് ഇന്ത്യയുടെ ഏക ഗോൾ നേടിയത്. പെറുവിനെതിരെയും ബലറാം ഗോൾ നേടിയിരുന്നു.