പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജ്കുമാർ റാവുവിന്റെ ‘ശ്രീ’. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യവസായി ശ്രീകാന്ത് ബൊല്ലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘ശ്രീ’ സെപ്റ്റംബർ 15ന് റിലീസ് ചെയ്യും. തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടി ജ്യോതികയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിൽ ശ്രീകാന്ത് ബൊല്ല എന്ന കഥാപാത്രത്തെയാണ് രാജ്കുമാർ റാവു അവതരിപ്പിക്കുന്നത്. സുമിത് പുരോഹിത്, ജഗ്ദീപ് സിന്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജന്മനാ കാഴ്ചവൈകല്യമുള്ള ഒരു യുവാവ് കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മച്ചിലി പട്ടണത്തിനടുത്തുള്ള സീതാരാമപുരത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് ലോകപ്രശസ്ത ബിസിനസുകാരനായ കഥയാണ് ശ്രീകാന്ത് ബൊല്ലയുടേത്. യുഎസിൽ നിന്ന് ബിരുദം നേടിയ ശ്രീകാന്ത് ബൊല്ല നാട്ടിൽ തിരിച്ചെത്തി ബിസിനസ് ആരംഭിച്ചു. പേപ്പർ, കവുങ്ങിൻ പാള എന്നിവ ഉപയോഗിച്ച് പ്ലേറ്റുകൾ, കപ്പുകൾ, മറ്റ് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണമാണ് ആരംഭിച്ചത്. 2012 ൽ ‘ബൊല്ലന്റ് ഇൻഡസ്ട്രീസ്’ എന്ന കമ്പനി സ്ഥാപിച്ചു. തിരുമല-തിരുപ്പതി ദേവസ്ഥാനം ഉൾപ്പെടെ ശ്രീകാന്ത് ബൊല്ലയുടെ ഉൽപ്പന്നങ്ങൾ വാങ്ങി. ടാറ്റാ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ മൂലധന നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊല്ല വ്യവസായത്തിൽ ഒരു ജനപ്രിയ നാമമായി മാറി. ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രീകാന്ത് ബൊല്ല വ്യവസായത്തിൽ അസാധാരണമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ശ്രീകാന്ത് ബൊല്ലയുടെ ജീവിതം സിനിമയാകുമ്പോൾ എങ്ങനെയായിരിക്കുമെന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.