ന്യൂഡൽഹി: പാകിസ്ഥാനിലെ സിഖ് ആരാധനാലയങ്ങളുടെയും ഇന്ത്യയിലെ സിഖ് കാര്യങ്ങളുടെയും നടത്തിപ്പ് നിയന്ത്രിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നുവെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ. ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിന്‍റെ സിഇഒ ആയി ജനുവരിയിൽ പാകിസ്ഥാൻ സർക്കാർ ഒരു ഐഎസ്ഐ ഉദ്യോഗസ്ഥനെ നിയമിക്കുകയും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂരിന്റെ മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖാലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത്പാൽ സിങ്നെ സിഖ് മതത്തിലും ചരിത്രത്തിലും പരിശീലനം നേടിയ ശേഷമാണ് ഐഎസ്ഐ ഇന്ത്യയിലേക്ക് അയച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് അമൃത്പാൽ സിങ് ജോർജിയ സന്ദർശിച്ചിരുന്നുവെന്നും അവിടെ നിന്ന് പഠിച്ചതാകാമെന്നും പറയുന്നു. പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടനവാദത്തിന്‍റെ തീജ്വാല കത്തിക്കാൻ മാംസവും രക്തവും ഉള്ള ഒരു ആരാധനപാത്രത്തെ ഐഎസ്ഐ ആഗ്രഹിച്ചിരുന്നു. അമൃത്പാലിന് ചുറ്റും ഒരു ‘ബ്രാൻഡും ആരാധനയും’ കെട്ടിപ്പടുക്കുകയും അമൃത്പാലിന്‍റെ സോഷ്യൽ മീഡിയ പ്രചാരണത്തെ സഹായിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അമൃത്പാൽ സിങ്ങിന്‍റെ അനുയായികൾ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനിസ്റ്റുകൾക്ക് പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടുത്തിടെ ആരോപിച്ചിരുന്നു.