Breaking News

കുഴി കുത്തിയവർ തന്നെ വീണു; ഇന്ദോർ പിച്ചിന് ‘ശരാശരിയേക്കാൾ താഴെ’ റേറ്റിംഗ് ലഭിച്ചേക്കാം

മൂന്നാം ദിനം ഇന്ത്യയ്ക്ക് 75 റൺസ് പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും 19 ഓവറിനുള്ളിൽ മറുപടി നൽകിയപ്പോൾ ഇന്ദോറിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. നാഗ്പൂരിലും ഡൽഹിയിലും നടന്ന മത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചെങ്കിലും ഇന്ദോറിലെ അതേ പിച്ചിൽ ഇന്ത്യയ്ക്ക് കാലിടറി. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പാഠങ്ങൾ പഠിച്ച ഓസ്ട്രേലിയൻ ബാറ്റർമാർ ഉഴുതുമറിച്ച പിച്ചിൽ എങ്ങനെ വിത്ത് വിതയ്ക്കാമെന്നും വിളവെടുക്കാമെന്നും കാണിച്ചുകൊടുത്തു.

നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ഹോം ടീം സാഹചര്യമെന്ന മുട്ടാപ്പോക്ക് പറഞ്ഞ് മോശം പിച്ചൊരുക്കുന്ന പ്രവണത ഏറിവരികയാണെന്ന് പറയാതെ വയ്യ. വെല്ലിംഗ്ടണിലെ ബാസിൻ റിസർവിൽ നടന്ന ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആവേശകരമായ അഞ്ചാം ദിവസം അവസാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ സൗന്ദര്യം കവിഞ്ഞു നിന്ന മത്സരത്തിൽ, തങ്ങളുടെ ‘ബാസ്ബോൾ’ പെരുമയുമായി വന്ന ഇംഗ്ലീഷ് ടീമിനെതിരെ കിവീസ് ഒരു റണ്ണിനാണ് വിജയം സ്വന്തമാക്കിയത്. അതും ഫോളോ ഓൺ ചെയ്ത ശേഷം.

കുറച്ച് ദിവസങ്ങൾക്ക് ശേഷം നടന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ചര്‍ച്ചയായതോ മോശം പിച്ചിന്റെ പേരിലും. ഓസ്ട്രേലിയൻ മണ്ണിൽ തുടർച്ചയായി രണ്ട് തവണ ബോർഡർ ഗവാസ്കർ ട്രോഫി നേടിയ ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ ഓസ്ട്രേലിയയെ ഭയപ്പെടുന്നത് എന്തിനാണെന്ന് ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളും ഉൾപ്പെടെയുള്ളവരും ചോദിക്കുന്നു. ഇന്ത്യയിൽ അടുത്തിടെ നടന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളിലും പിച്ചിന്‍റെ സ്വഭാവം ചർച്ചാവിഷയമായിരുന്നു. എന്നാൽ ഇത്തവണ ഇന്ദോറിലെ പിച്ച് നാഗ്പൂരിലും ഡൽഹിയിലും കണ്ടതിനേക്കാൾ മോശമായിരുന്നു. അതിലാണെങ്കിലോ കുഴി കുഴിച്ചവർ തന്നെ വീഴുകയും ചെയ്തു.

ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ പന്ത് അസ്വാഭാവികമായി ടേണ്‍ ചെയ്യാനും ബൗണ്‍സ് ചെയ്യാനുമാരംഭിച്ചു. ഒടുവില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി തന്നെ അത് തകർത്തു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ നടന്ന നാഗ്പുരിലെയും ഡല്‍ഹിയിലെയും പിച്ചിന് ശരാശരി നിലവാരമാണ് മാച്ച് റഫറിമാര്‍ നല്‍കിയത്. അതിനാല്‍ ഭാഗ്യം കൊണ്ട് വിലക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു ബിസിസിഐ. എന്നാൽ ഇന്ദോറിലെ പിച്ചിന് അങ്ങനെ രക്ഷപ്പെടാൻ ആകുമെന്ന് തോന്നുന്നില്ല. 3 ദിവസം കൊണ്ട് 31 വിക്കറ്റുകൾ വീണ പിച്ചിന് ശരാശരിയിലും താഴെ മാത്രമേ നിലവാരമുള്ളൂ എന്നാണ് പൊതു അഭിപ്രായം. അതിനാൽ ഇത്തവണ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് അല്പം കടുത്ത നടപടികൾ സ്വീകരിക്കും എന്നുറപ്പാണ്. ഇതിനാല്‍ തന്നെ ക്രിസ് ബ്രോഡിന്റെ റിപ്പോര്‍ട്ടിന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ബിസിസിഐ.

റിപ്പോർട്ട് പ്രതികൂലമാണെങ്കിൽ മത്സരവിലക്കും ഡീമെറിറ്റ് പോയന്റും അടക്കമുള്ള കാര്യങ്ങളാണ് കാത്തിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും, പിച്ചിന്റെ സ്വഭാവം മനസിലാക്കി ബാറ്റ് ചെയ്ത ഉസ്മാന്‍ ഖവാജയടക്കമുള്ള ഓസീസ് ബാറ്റര്‍മാരും കൃത്യമായ ലെങ്തില്‍ പന്തെറിഞ്ഞ നേതന്‍ ലയണും മാത്യു കുനെമാനും അടക്കമുള്ളവരും ഇവിടെ എങ്ങനെ കളിക്കണമെന്ന് ഇന്ത്യൻ ടീമിന് കാണിച്ചുകൊടുക്കുകയായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …