ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയത്തിൽ എത്തിയിരിക്കുകയാണ് പഠാന്‍. ബോളിവുഡിലെ തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറ്റിയ ശേഷം ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു. എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തി പഠാന്‍. ബാഹുബലി 2 ന്‍റെ ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാൻ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ കളക്ഷൻ 510 കോടി രൂപയായി ഉയർന്നപ്പോഴായിരുന്നു ഇത്. എന്നാൽ ഇപ്പോഴിതാ പഠാന്‍റെ നേട്ടത്തെ അഭിനന്ദിച്ച് ബാഹുബലിയുടെ നിർമ്മാതാവ് ഷോബു യര്‍ലഗഡ്ഡ രംഗത്തെത്തിയിരിക്കുകയാണ്. റെക്കോർഡുകൾ തകർക്കപ്പെടാൻ ഉള്ളതാണെന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് ഷോബുവിന്‍റെ സന്ദേശം പോസ്റ്റ് ചെയ്തത്.
“ബാഹുബലി 2വിന്‍റെ ഹിന്ദി പതിപ്പിന്‍റെ ഇന്ത്യൻനെറ്റ് കളക്ഷൻ മറികടന്നതിന് ഷാരൂഖ് സാർ, സിദ്ധാർത്ഥ് ആനന്ദ്, വൈആർഎഫ്, പഠാന്‍റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. റെക്കോർഡുകൾ എല്ലായ്പ്പോഴും തകർക്കപ്പെടേണ്ടതാണ്. ഷാരൂഖ് ഖാൻ തന്നെ അത് നിർവഹിച്ചതിൽ ഞാൻ സന്തുഷ്ടനാണ്” ഷോബു യര്‍ലഗഡ്ഡ ട്വീറ്റ് ചെയ്തു. അഭിനന്ദനത്തിന് യഷ് രാജ് ഫിലിംസും നന്ദി പറഞ്ഞു. “ഇന്ത്യൻ സിനിമ എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് കാണുന്നതിനേക്കാൾ ആവേശകരമായ മറ്റൊന്നില്ല. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഞങ്ങൾക്ക് നൽകിയതിന് നന്ദി. ഈ സിനിമയാണ് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചത്” യൈആര്‍എഫ് ട്വീറ്റ് ചെയ്തു.
ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗൽ. 2018ൽ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായ ചിത്രമാണിത്. ‘സലാം നമസ്തേ’, ‘അഞ്ജാന അഞ്ജാനി’, ‘ബാംഗ് ബാംഗ്’, ‘വാർ’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരും ചിത്രത്തിലുണ്ട്. ധാരാളം ആക്ഷൻ സീക്വൻസുകളുള്ള ചിത്രത്തിനായി ഷാരൂഖ് ഖാൻ വളരെയധികം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.