അഗർത്തല: മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ ത്രിപുരയിൽ ബിജെപി സർക്കാരിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
മണിക് സാഹ, കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പാണ് ബിപ്ലബ് കുമാർ ദേബിന് പകരം മാണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സാഹ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കണമെന്ന് മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ പിന്തുണയ്ക്കുന്നവരാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ പ്രശ്നമുണ്ടായത്.