ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തിൽ പാകിസ്ഥാനിൽ നടത്തുന്ന ഔറത്ത് റാലിയിൽ പോലീസും സ്ത്രീകളും തമ്മിൽ സംഘർഷം. പ്രസ് ക്ലബ് പരിസരത്ത് നടന്ന റാലിയിൽ സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഒത്തുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി.
സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെൻഡറുകൾ പങ്കെടുക്കാനെത്തിയതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ഇത് സംഘർഷത്തിലേക്ക് നയിച്ചെന്നുമാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കൊപ്പം ട്രാൻസ്ജെൻഡറുകളും മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പോലീസ് മാർച്ച് നിർത്താൻ ആവശ്യപ്പെട്ടെന്ന് യുവതികൾ പറഞ്ഞു. ഇതോടെ ഇരുകൂട്ടരും ഏറ്റുമുട്ടി. പോലീസിനും മാധ്യമങ്ങൾക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധമുണ്ടായി.