Breaking News

ചൂട് കൂടിയതോടെ ബിയർ വിൽപ്പനയിൽ വൻ വർധന; 10,000 കെയ്സുകൾ വരെ അധിക വിൽപ്പന

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് ഉയർന്നതോടെ ബിയർ വിൽപ്പനയിൽ വർധനവ്. അധിക വിൽപ്പന ഇപ്പോൾ പ്രതിദിനം 10,000 കെയ്സുകൾ വരെയാണ്. ഈ സാഹചര്യത്തിൽ സർക്കാർ നിർമിത മദ്യമായ ജവാന്‍റെ പ്രതിദിന ഉത്പാദനം ഏപ്രിൽ 15 മുതൽ 15,000 കെയ്സായി ഉയർത്താൻ ബവ്കോ തീരുമാനിച്ചു. ചൂടുള്ള കാലാവസ്ഥയിൽ ബിയർ കഴിക്കുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുമെന്ന വാദമൊന്നും ആരും കാര്യമാക്കുന്നില്ലെന്നാണ് ഈ വർധനവ് സൂചിപ്പിക്കുന്നത്.

ഉരുകുന്ന ചൂട് കൂടിയതോടെയാണ് തണുക്കാൻ ബിയറിൽ അഭയം തേടുന്നവരുടെ എണ്ണം വർധിച്ചതെന്നാണ് ബിയർ വിൽപ്പന കൂടാൻ കാരണമെന്നാണ് ബവ്കോയുടെ വാദം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ശരാശരി വിൽപ്പനയേക്കാൾ 10,000 കെയ്സാണ് കൂടുതൽ വിറ്റത്. മാർച്ച് 2ന് 6,000 കെയ്സുകൾ ആണ് വിറ്റ് പോയതെങ്കിൽ മാർച്ച് 9 ആയപ്പോഴേക്കും അത് 12,000 ആയി ഉയർന്നു. മദ്യവിൽപ്പന കൂടുതലായിരുന്നപ്പോഴെല്ലാം ബിയറിന് ആവശ്യക്കാർ കുറവായിരുന്നു.

ബാറുകളിലാണ് കൂടുതൽ വിൽപ്പനയും നടക്കുന്നത്. വിൽപ്പന വർധിച്ചതിനാൽ കൂടുതൽ ബിയർ സ്റ്റോക്ക് സൂക്ഷിക്കാൻ എംഡി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയും ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ വിൽപ്പന ഉയരുമെന്നാണ് ബവ്കോയുടെ കണക്കുകൂട്ടൽ. ജനപ്രിയ മദ്യമായ ജവാന്‍റെ പ്രതിദിന ഉത്പാദനം 7,000 കെയ്സിൽ നിന്ന് 15,000 കെയ്സായി ഉയർത്തുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇതിനായി തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ രണ്ട് ലൈനുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ 15 മുതൽ ഉത്പാദനം ആരംഭിക്കുമെന്ന് ബവ്കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …