സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ ആദ്യ സ്‍പെല്ലില്‍ 163 റൺസ് നേടി ഭോജ്‍പുരി ദബാംഗ്സ്. ടോസ് നേടിയ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ സൈജു കുറുപ്പ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഭോജ്പുരി ദബാംഗ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ഉജ്ജ്വല സെഞ്ച്വറി നേടിയ പർവേഷാണ് ഭോജ്പുരിയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
91 റൺസിന് ഭോജ്പുരിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഉദയ് തിവാരിയാണ് 11 പന്തിൽ 21 റൺസെടുത്ത് പുറത്തായത്. സ്ട്രൈക്കേഴ്സിന്‍റെ ജീൻ പോൾ ലാലിന്‍റെ ഓവറിൽ ഉദയ് തിവാരിയെ വിവേക് പുറത്താക്കുകയായിരുന്നു. ദബാംഗ്സിന്‍റെ അടുത്ത വിക്കറ്റ് ലഭിക്കാൻ കേരള സ്ട്രൈക്കേഴ്സിന് ഒമ്പതാം ഓവറിലെ രണ്ടാം പന്ത് വരെ കാത്തിരിക്കേണ്ടി വന്നു.
വിക്രാന്ത് സിംഗിനെ മൂന്ന് പന്തിൽ നിന്ന് ഒരു റൺസ് എടുത്ത് നിൽക്കെ രാജീവ് പിള്ള റണ്‍ ഔട്ടാക്കി. പർവേശ് 34 പന്തിൽ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിനെതിരെ 11 സിക്സറുകളും ആറ് ബൗണ്ടറികളുമാണ് പർവേശ് അടിച്ചെടുത്തത്. ആദിത്യ ഓജയും രണ്ട് സിക്സറുകൾ ഉൾപ്പെടെ 17 റൺസുമായി പുറത്താകാതെ നിന്നു.