കൊച്ചി: കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും കറുപ്പ് എങ്ങനെയാണ് ഭീഷണിയാകുകയെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. അങ്ങനെയെങ്കിൽ അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിക്കുമെന്നും രേഖ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
പുരുഷ പൊലീസുകാർ സ്ത്രീകളെ മർദ്ദിക്കുന്ന സാഹചര്യം വർധിക്കുന്നുണ്ട്. പൊലീസോ സംസ്ഥാന സർക്കാരോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഈ പ്രവണതയ്ക്ക് കാരണം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായ ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ വീണ്ടും നടക്കുന്നതെന്നും അവർ ചോദിച്ചു. കോഴിക്കോട് യുവമോർച്ച പ്രവർത്തകയെ പോലീസുകാർ മർദ്ദിക്കുന്ന ചിത്രവും അവർ ഉയർത്തിക്കാട്ടി.
സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടികജാതി (അതിക്രമം തടയൽ) നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കണമെന്ന് രേഖ ശർമ്മ ആവശ്യപ്പെട്ടു. യൂണിഫോം ധരിച്ചാണ് ഇയാൾ ആക്രമിച്ചത്. സംസ്ഥാനത്ത് ഗാർഹിക കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആദിവാസി സമൂഹങ്ങൾ ഏറെയുള്ള വയനാട് പോലുള്ള ജില്ലകളിൽ ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചതായും രേഖ ശർമ്മ പറഞ്ഞു.