ചെന്നൈ: തന്നെ വേണ്ടെന്ന് വെച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങിയ കാമുകന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചതിന് യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ഈറോഡിൽ ശനിയാഴ്ചയാണ് സംഭവം. ഈറോഡ് വർണാപുരം സ്വദേശി കാർത്തിയാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ ബന്ധു കൂടിയായ മീനാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാർത്തി മീനാ ദേവിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ കാർത്തി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കായി. വാക്കുതർക്കമുണ്ടായതോടെ മീനാ ദേവി കാർത്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.
കൈകളിലും മുഖത്തും പൊള്ളലേറ്റ കാർത്തി നിലത്തു വീണു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് മീന ദേവിയെ അറസ്റ്റ് ചെയ്തു.