കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംഭരിക്കുന്നത് കുറ്റകരമാണെന്നും കൊച്ചി വിട്ടുപോകാൻ സ്ഥലമില്ലാത്തവർ എന്ത് ചെയ്യുമെന്നും രഞ്ജി പണിക്കർ പ്രതികരിച്ചു.
തന്‍റെ വീടിനടുത്ത് പുക വരുന്നതോ തനിക്ക് പ്രശ്നമുണ്ടോ എന്നതല്ല യഥാർത്ഥ പ്രശ്നം. കഴിഞ്ഞ 10 ദിവസമായി കൊച്ചി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. കൊച്ചിയിലെ മുഴുവൻ ജനങ്ങളും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ഇത് സംഭവിച്ചതിന് ശേഷവും വിഷയം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആളുകൾ കരുതുന്നത്. ഇത്തരമൊരു ദുരന്തത്തിന് കാരണമായ ലക്ഷക്കണക്കിന് ടൺ മാലിന്യം നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് സംസ്കരിക്കപ്പെടാതെ കിടക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
ഇതുപോലൊരു ദുരന്തം പ്രതീക്ഷിക്കാതെ സംഭവിച്ചുവെന്ന് പറയാനാവില്ല. ഇത്രയധികം മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് എപ്പോൾ വേണമെങ്കിലും ദുരന്തം സംഭവിക്കാം. മുമ്പും അവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്. ഇതൊരു ടൈം ബോംബാണ്. ഇതിനെ വളരെ ലാഘവത്തോടെ കണ്ടു. വികസനത്തെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും ധാരാളം സംസാരം നമുക്ക് കേൾക്കാം. അത്തരം സംസാരം ഒരു പ്രതീക്ഷയാണ്, പക്ഷേ അത്തരം കാര്യങ്ങളിലെ അശ്രദ്ധയാണ് ഇപ്പോൾ വലിയൊരു ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.