കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. വിഷയത്തിൽ അദ്ദേഹം ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിൻ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിക്കണമെന്നും, നിലവിലെ ശ്വാസകോശ പരിശോധന കൊണ്ട് കാര്യമില്ലെന്നും, സ്ഥലം പരിശോധിക്കാൻ ലോകാരോഗ്യ സംഘടനയെ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.