ന്യൂഡൽഹി: അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് നടത്തിയ പ്രസ്താവനകൾ പ്ലക്കാർഡുകളായി ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
സഭയിൽ പ്ലക്കാർഡുകൾ ഉയർത്തരുതെന്ന് സ്പീക്കർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങാതെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ജെഡിയു, ബിആർഎസ്, തൃണമൂൽ, ബിഎസ്പി അംഗങ്ങളും പങ്കെടുത്തു.
രാജ്യസഭയിൽ 26 ബില്ലുകളും ലോക് സഭയിൽ ഒമ്പത് ബില്ലുകളുമാണ് പരിഗണനയിലിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് പുനരാരംഭിക്കുന്ന സഭയിൽ റെയിൽവേ, ആരോഗ്യം, ടൂറിസം തുടങ്ങിയ വകുപ്പുകൾ വഹിക്കുന്ന മന്ത്രിമാരുടെ ഗ്രാൻഡ് സംബന്ധിച്ച് ചർച്ച ഉണ്ടാകും.