കടലും കായലും ഒത്തുചേരുന്ന ഗ്രാമത്തിൽ കാത്തിരിക്കുന്ന അമ്മയെ തേടി പല കരകളും കടലുകളും കടന്നു തിരപോലെയെത്തുന്ന മക്കൾ…. പിറന്നാളാശംസകൾ നേരുന്ന അവരെ മക്കളെ… എന്ന ഹൃദയ ആശ്ലേഷത്തോടെ വരവേൽക്കുന്ന അമ്മ….
കൊല്ലത്ത് അമൃതപുരിയിൽ സ്നേഹത്താൽ തെളിഞ്ഞ നിറദീപമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നു .മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദപൂജ നടന്നു .സമാധാനത്തിന്റെ വെള്ളപൂക്കൾ നദിയിലും പർവ്വതത്തിലും എന്നപോലെ നമ്മിലേക്കും വീഴുന്നതായി സങ്കൽപ്പിക്കൂ ..
എന്ന് ജന്മദിന സന്ദേശത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ആശംസ അറിയിച്ചു. കേന്ദ്രമന്ത്രി മഹീന്ദ്രനാഥ് പാണ്ഡേ സഹമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ,വി മുരളീധരൻ ,കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപിമാരായ ശശി തരൂർ , എൻ.കെ.പ്രേമചന്ദ്രൻ എം.പി, എ.എം.ആരിഫ് ,നടൻ മോഹൻലാൽ ,എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.
“അമ്മയുടെ സാന്നിധ്യവും അനുഗ്രഹങ്ങളും വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ് .അത് അനുഭവിക്കാൻ മാത്രമേ കഴിയൂ .അമ്മയുടെ മാർഗ്ഗ നിർദ്ദേശത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും മനുഷ്യ സേവനത്തിനും സാമൂഹിക ക്ഷേമത്തിനും പുതിയ ഉയരങ്ങൾ നൽകി. ഗംഗാതീരത്തു ശുചിമുറികൾ നിർമ്മിക്കാൻ അവർ നൂറു കോടി രൂപ സംഭാവന നൽകി. അമ്മ ഇന്ത്യയുടെ പ്രതിച്ഛായയും വിശ്വാസ്യതയും വർദ്ധിപ്പിച്ചു . ” പ്രധാനമന്ത്രി നരേന്ദ്ര മോദി.
അമൃത പൂരി ആനന്ദന്യത്തമാടി
കാരുണ്യവർഷിണിയായ അമ്മയ്ക്ക് ജന്മദിനാശംസകൾ …. വള്ളിക്കാവിലെ കടകൾക്കു മുന്നിലെ കട്ടൗട്ടുകളിൽനിറഞ്ഞ് അമ്മ. എല്ലാ വഴികളും അമൃത വിദ്യാപീഠം ക്യാമ്പസിലെ ജന്മദിനാഘോഷ വേദിയിലേക്ക്.
എഴുപതാം ജന്മദിനാഘോഷ വേദിയിലേക്ക് മാതാ അമൃതാനന്ദമയി എത്തിയത് പഞ്ചാരിമേളത്തിന്റെ അകമ്പടിയിൽ. ഭക്തസഹസ്രങ്ങൾക്ക് നിറപുഞ്ചിരി സമ്മാനിച്ച് രാവിലെ 8 .55 വേദിയിൽ ഉപവിഷ്ടയായ അമ്മയ്ക്ക് ആദ്യം പൂമാല ചാർത്തിയത് നടൻ മോഹൻലാൽ.
വേദിയിലെത്തിയ വിശിഷ്ട അതിഥികൾ എല്ലാം അമ്മയ്ക്ക് ഹാരാർപ്പണംനടത്തി അനുഗ്രഹം തേടി .പ്രകൃതിയെ കൂടുതൽ ദ്രോഹിച്ചാൽ പ്രകൃതി മാതാവും ക്ഷോഭിക്കുമെന്നാണ് സ്നേഹപ്രഭാഷണത്തിൽ അമ്മ പങ്കുവെച്ചത്. കുട്ടികളിൽ അടുത്തിടെയായി കാണുന്ന ലഹരിയുടെ ദുശ്ശീലം അമ്മയുടെ ആശങ്കയായി.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗ് ,നിതിൻ ഗഡ്കരി, സദ്ഗുരു ജഗ്ഗിവാസുദേവ്, നടന്മാരായ മോഹൻലാൽ, മമ്മൂട്ടി ,ദിലീപ് ,സുരേഷ് ഗോപി, ജയറാം ,നോബൽ ജേതാവ് കൈലാഷ് സദ്യയാർത്ഥി ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ , ആർഎസ്എസ് സർ സംഘ്ചാലക് മോഹൻ ഭാഗവത് ,കെ എസ് ചിത്ര, എന്നിവർ മുതൽ ഹോളിവുഡ് നടി ഡമി മൂർ ഗായിക ലേഡി ഗാഗ ,വരെയുള്ള 70 പേർ വീഡിയോയിൽ ആശംസകൾ നേർന്നു.
മാതാ അമൃതാനന്ദമയിയുടെ ജൻമദിന സന്ദേശം:-
“എല്ലാവരെയും ഒരുപോലെ കാണുക, സ്നേഹിക്കുക ,സേവിക്കുക, എന്നതാണ് അമ്മയുടെ ധർമ്മം. കോവിഡ് നമ്മളെ അനവധി പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചു. സൃഷ്ടിയുടെ ആരംഭം മുതൽ പ്രകൃതി അല്ലെങ്കിൽ ഈശ്വര ശക്തി പഠിപ്പിച്ച നല്ല കാര്യങ്ങൾ വേണ്ടവണ്ണം പഠിച്ചിരുന്നെങ്കിൽ ഇന്ന് മനുഷ്യൻ നേരിടുന്ന സങ്കീർണമായ പല പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു. ഓരോ ആപത്തുകളും പ്രധാനമായും മൂന്ന് കാര്യങ്ങളാണ് മനുഷ്യനോട് ആവശ്യപ്പെടുന്നത്.
സഹകരണം ,സൗഹൃദം, സഹവാസം ,മനുഷ്യൻ മനുഷ്യനായി സഹകരിച്ച് നീങ്ങുക ,പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കുക, ഈശ്വര ശക്തിയുമായി സഹവാസം പുലർത്തുക. സന്ധി സംഭാഷണം കൊണ്ട് പ്രകൃതിയുമായി ധാരണയുണ്ടാക്കാൻ കഴിയില്ല. എളിമയോടെയുള്ള . സൗഹൃദവും ,ആരാധനാ മനോഭാവവും കൊണ്ടേ ഫലമുള്ള. ജീവിതം വളരെ ചെറുതാണ് .സ്വയം സന്തോഷിക്കാനും, മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നമുക്ക് കഴിയണം: മാതാ അമൃതാനന്ദമയി
മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി 70 ലോക രാജ്യങ്ങളിൽ നിന്നുള്ള മണ്ണ് അമൃത പുരയിൽ അമ്മയുടെ സാന്നിധ്യത്തിൽ ഒന്നായി. ശാന്തിയുടെ ചെറുമൺ തരികൾ എന്ന സന്ദേശവുമായി ആണ് 70 രാജ്യങ്ങളിൽ നിന്നുള്ള മണ്ണും പതാകയുമായി പ്രതിനിധികൾ എത്തിയത്. അമൃതാനന്ദമയിയുടെയും വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ വലിയ ചെടിച്ചട്ടിയിലേക്ക് പ്രതിനിധികൾ മണ്ണ്നിക്ഷേപിച്ചു .
ഇതിൽ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും കൂട്ടിച്ചേർത്തു. ലോകത്ത് ആകെ സമാധാനത്തിന്റെയും ശാന്തിയുടെയും സുഗന്ധം പരക്കട്ടെ എന്ന് പ്രാർത്ഥനയോടെ ചെടിച്ചട്ടിയിൽ മാതാ അമൃതാനന്ദമയി ചന്ദനമരം നട്ടു. വിശിഷ്ട വ്യക്തികളായി എത്തിയവർ വെള്ളം നനച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള മണ്ണും കൂടിച്ചേർന്നതിന്റെ ഒരു ഭാഗം എടുത്തു അതിനുള്ളിൽ വിത്തു നിറച്ച് സീഡ് ബോളുകൾ ആക്കി അതത് രാജ്യങ്ങളിലേക്ക് അയക്കാനാണ് തീരുമാനം.