ഇസ്രയേൽ -പാലസ്തീനിൽ യുദ്ധത്തിൽ പാലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞതിനെ ചൊല്ലി അഭിപ്രായവ്യത്യാസം ഉണ്ടായി. ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം പാലസ്തീൻ ജനതയ്ക്ക് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ വാദം.
കോൺഗ്രസിന്റെ എക്കാലത്തെയും നിലപാട് ഇതായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ യുദ്ധത്തിന് തുടക്കം കുറിച്ചത് പാലസ്തീൻ ആസ്ഥാനമായുള്ള ഹമാസ് ആണെന്നും അക്കാര്യം മറന്നുള്ള നിലപാട് പാടില്ലെന്നും ഏതാനും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒടുവിൽ ചെന്നിത്തലയുടെ വാദം അംഗീകരിച്ച യോഗം പ്രമേയം പാസാക്കി. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം
എന്നിവയ്ക്ക് പലസ്തീൻ ജനതക്കുള്ള അവകാശങ്ങൾക്ക് എക്കാലവും കോൺഗ്രസ് നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്നും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. അതേസമയം പ്രമേയത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതിൽ ഏതാനും നേതാക്കൾക്കുള്ള അതൃപ്തി നീങ്ങിയിട്ടില്ല. പ്രമേയത്തിൽ നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.