Breaking News

ഇനി “കതിർമണി “ബ്രാൻഡിൽ നാടൻ കുത്തരി വിപണിയിലെത്തും .ജില്ലയിലെ തരിശുപാഠങ്ങൾ കതിരണിയുന്നു…

വിഷ രഹിത ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തി നേടുന്നതിന്റെ ഭാഗമായി സമ്പുഷ്ടമായ നാടൻ കുത്തരി വിപണിയിൽ എത്തിക്കാൻ കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും കൈകോർക്കുന്നു. അതിൻറഭാഗമായി ജില്ലയിലെ ആയിരം ഹെക്ടർ തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപിക്കുകയാണ്. കൊട്ടാരക്കര പവിത്രേശ്വരം പഞ്ചായത്തിലെ തരിശു നിലങ്ങളിൽ 35 ഏക്കറോളം സ്ഥലത്തു വിത്തിടീൽ കർമ്മം കഴിഞ്ഞദിവസം പവിത്രേശ്വരം പഞ്ചായത്തിലെ ഏലകളിൽ നടന്നു.

പവിത്രേശ്വരം പഞ്ചായത്തിൽ കൃഷിയും കൊയ്ത്തും അന്യമായി പോയ പാലക്കോട്, മുള്ളൻകോട്, വെള്ളംകൊള്ളി ഏലകളിലെ തരിശുപാടങ്ങളിൽ നെൽകൃഷി മടങ്ങി വരുകയാണ്. 35 ഏക്കറോളം വരുന്ന തരിശു നിലത്ത് പഞ്ചായത്തിന്റെ തരിശു കൃഷി വികസന പദ്ധതിയിലും ജില്ലാ പഞ്ചായത്തിന്റെ കതിർമണി പദ്ധതിയിലും ഉൾപ്പെടുത്തി നെൽകൃഷി ആരംഭിച്ചിരിക്കുകയാണ്. നിലം ഉടമകളുടെ സഹകരണത്തോടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പാട്ടകൃഷിയാണ് ആരംഭിച്ചത്.

വിത ഉദ്ഘാടനം മുള്ളൻകോട്ട് ഏലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി .കെ. ഗോപൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബി രാധാകൃഷ്ണൻ ,ജില്ലാ പഞ്ചായത്തംഗം വി.സുമാ ലാൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെച്ചി ബി.മലയിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ബി.ശശികല ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ പുഷ്പ ജോസഫ് ,കൃഷി ഓഫീസർ ഡോക്ടർ. എസ് .നവീത,കൃഷി അസിസ്റ്റൻറ് മാരായ സുരേഷ് ബാബു ,രതീഷ് ,പഞ്ചായത്ത് അംഗങ്ങൾ ,കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

വരും മാസങ്ങളിൽ ” കതിർമണി ” ബ്രാൻഡിൽ ജില്ലയുടെ നേതൃത്വത്തിൽ സമ്പുഷ്ടമായ നാടൻ കുത്തരി വിവിധ അളവിൽ കിറ്റുകളായി ലഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഗോപൻ അറിയിക്കുകയുണ്ടായി. തരിശായി കിടക്കുന്ന നിലങ്ങൾ ഏറ്റെടുത്ത് കൃഷിയിറക്കുകയും കർഷകർക്ക് നഷ്ടമാകാത്ത രീതിയിൽ താങ്ങുവില നൽകി നെല്ല് സംഭരിക്കുകയും കൂടാതെ പ്രതിഫലം അപ്പോൾ തന്നെ കർഷകർക്ക് വിതരണം ചെയ്യുമെന്നും കർഷകർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകുമെന്നും തദവസരത്തിൽ പ്രസിഡൻറ് അറിയിക്കുകയുണ്ടായി.

വളംവിത്ത് തുടങ്ങിയ കൃഷിക്കാവശ്യമായ സഹായങ്ങളും ആനുകൂല്യങ്ങളും കൃത്യസമയത്ത് തന്നെ കർഷകർക്ക് നൽകുമെന്നും കൂടാതെ വിളവെടുപ്പ് സമയത്ത് ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി കൃത്യമായ സമയത്ത്‌ വിളവെടുപ്പിനു വേണ്ട യന്ത്ര ഉപകരണങ്ങൾ കൃത്യസമയത്ത് തന്നെ ഏലകളിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. ഇത്തരത്തിലുള്ള സഹായങ്ങൾ കർഷകർക്ക് ലഭിക്കുമ്പോൾ കൃഷിയോടുള്ള വൈമുഖ്യം കർഷകർക്ക് കുറയുമെന്നും അതുപോലെ കൃഷിയിലേക്ക് അവർ തിരിച്ചു വരുമെന്നുള്ളതുമാണ് പ്രതീക്ഷ

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …