കൊല്ലം കൊട്ടാരക്കര വാളകത്താണ് സംഭവം. ട്യൂഷന് പോകാൻ റോഡിലൂടെ നടന്നുപോയ 12 വയസ്സുകാരിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറി ഓടിയതായും കുട്ടി പറയുന്നു. കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നുംകൊട്ടാരക്കര പോലീസ് പറയുന്നു.
കഴിഞ്ഞദിവസം വൈകിട്ട് 4. 30ന് വാളകം അഞ്ചൽ റോഡിൽ അമ്പലത്തും വിള മൂഴിയിൽ ഭാഗത്താണ് സംഭവം എന്നാണ് കുട്ടി പറയുന്നത്. പുലിയുംകോളനി റോഡിലൂടെ ട്യൂഷന് പോകുന്നതിനായി വന്നപ്പോൾ പ്രധാന റോഡിനോട് ചേർന്ന ഭാഗത്ത് വാഹനം കിടക്കുന്നത് കണ്ടതായും ഇതിൻറെ എതിർവശത്തുകൂടിയാണ് നടന്നുപോയതെന്നും കുട്ടി പറയുന്നു .വാഹനത്തിന്റെ അടുത്ത് എത്തിയപ്പോൾ വാൻ അടുത്തേക്ക് ഓടിച്ചെത്തി. പിൻസീറ്റിൽ ഇരുന്ന രണ്ട് പുരുഷന്മാർ ബാഗിന്റെ വള്ളിയിൽ പിടിച്ചു വലിച്ചു വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചു.
ബാഗ് ഊരി മാറ്റിയതോടെ വാഹനത്തിൽ എത്തിയവർ ഇത് സമീപത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് കൈക്കു പിടിച്ചു ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറിയോടി. തുടർന്ന് ട്യൂഷൻ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. വാഹനം പെട്ടെന്ന് പ്രധാന റോഡിലേക്ക് കയറി അഞ്ചൽ ഭാഗത്തേക്ക് പോയതായും കുട്ടി പറയുന്നു. കൊട്ടാരക്കര ഡിവൈഎസ്പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്നതായി പറയുന്ന സമയത്ത് കുട്ടി റോഡിൻറെ വശത്തുകൂടി നടന്നു പോകുന്നതായി ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികൾ സ്കൂൾ അധികൃതർ തുടങ്ങിയവരും പ്രദേശവാസികളുംഇവിടെ തടിച്ചുകൂടിയിരുന്നു.