ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണന്നും വിവരം ലഭിച്ചിട്ടുണ്ട്. നഴ്സുമാരുടെ റിക്രൂട്ട്മെൻറും , നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ആണോ കുട്ടിയെ തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും വ്യക്തമായ വിശദീകരണമില്ല.
കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. അവിടെ ഇദ്ദേഹം ഭാരവാഹിയായ സംഘടനയിൽ പെട്ട ചിലരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ ഇയാളുടെ താമസസ്ഥലത്ത് ഉദ്യോഗസ്ഥർ പോലീസ് കഴിഞ്ഞദിവസം തിരച്ചിൽ നടത്തി. അവിടെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഉൾപ്പെടെ അവർ പരിശോധിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പൂർവ വൈരാഗ്യം ഉള്ള ചിലർ കൊട്ടേഷൻ സംഘത്തിൻറെ സഹായം തേടിയിട്ടുണ്ടോ എന്നും പോലീസിന് സംശയമുണ്ട്.
തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം വിലപേശൽ ആണോ, പണം ഈടാക്കിലാണോ എന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ ജി സ്പർജൻ കുമാർ പറഞ്ഞു .മൂന്നുപേരുടെ രേഖ ചിത്രങ്ങൾ പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിട്ടുണ്ട്.
ഡി ഐ ജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലാണ് ഇതിൻറെ അന്വേഷണം .മൊഴികളിൽ സംശയം തോന്നിയ ചിലരുടെ ഫോണുകളും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട് .അതേസമയം പോലീസിന്റെ നിഗമനങ്ങൾക്കെതിരെ കുട്ടിയുടെ പിതാവും, സംഘടനാ നേതാക്കളും രംഗത്തും എത്തിയിട്ടുണ്ട്.