Breaking News

കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസ് പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിക്കും . മുഖം മറയ്ക്കാതെ പ്രതികൾ. കോടതിയിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു

നാട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഏഴുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു .കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്ന അപേക്ഷ പരിഗണിച്ചാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. പ്രതികളെ 14ന് 11 മണിക്ക് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷയിൽ കോടതിയിൽ വിശദമായ വാദം നടന്നു.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് കണ്ടെത്തണമെന്നും, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ഷൈല മത്തായി വാദിച്ചു .പ്രതികളിൽ നിന്നും ഡയറികളും ബുക്കുകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട് . മറ്റുപല കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികൾ എവിടെയൊക്കെ താമസിക്കുന്നു എന്നതിൻറെ വിവരങ്ങളും രേഖകളിലുണ്ട്. കൂടാതെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട് .ഇവയുടെ ശാസ്ത്രീയ പരിശോധന ഫലം കേസിൽ നിർണായകമാണെന്നും ,ഏഴ് ദിവസത്തെ കസ്റ്റഡി വേണമെന്ന് അഭിഭാഷക വാദിച്ചു. പോലീസ് പരമാവധി തെളിവുകൾ ശേഖരിച്ചുവെന്നും മൂന്ന് ദിവസത്തിൽ കൂടുതൽ കസ്റ്റഡിയിൽ വിടരുതെന്നും പത്മകുമാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് കെ. സുഗുണനും, അനിതകുമാരിക്കും അനുപമയ്ക്കും വേണ്ടി ഹാജരായ അഡ്വക്കേറ്റ് അജി മാത്യുവും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസും കോടതിയിൽ എത്തിയിരുന്നു . കനത്ത പോലീസ് കാവലിലാണ് പ്രതികളായ പത്മകുമാറിനെയും ഭാര്യ അനിതകുമാരിയെയും മകൾ അനുപമയെയും കഴിഞ്ഞദിവസം പതിനൊന്നരയോടെ കൊട്ടാരക്കര കോടതി പരിസരത്ത് തിരുവനന്തപുരത്തുനിന്ന് എത്തിച്ചത് .ആദ്യം വാഹനത്തിൽ നിന്ന് പത്മകുമാറിനെ ഇറക്കി പിന്നാലെ അനിതകുമാരിയും അനുപമയും ഇറങ്ങി.കഴിഞ്ഞ ദിവസത്തെ പോലെ ആരും മുഖം മറച്ചിരുന്നില്ല.

പ്രതികളുടെ വക്കാലത്തിനെ അഭിഭാഷകർ തമ്മിലുള്ള തർക്കം കാരണം നടപടികൾ അരമണിക്കൂറോളം വൈകി. കോടതിയിൽ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ ആറ് അഭിഭാഷകർ എത്തിയിരുന്നു. പ്രതികളുടെ താൽപര്യ പ്രകാരം രണ്ട് അഭിഭാഷകർ ഹാജരായി .ഒരു മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷം മൂന്നു പ്രതികളെയും പുറത്തേക്കിറക്കി. കൊട്ടാരക്കര ഡിവൈഎസ്പി വിജയകുമാർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി എസ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സുരക്ഷ.

പ്രതികളെ ഹാജരാക്കും എന്നറിഞ്ഞ് വൻ ജനമാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത് . തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ കൊട്ടാരക്കര റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ആരംഭിച്ചു. പത്മകുമാറിനെ കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു .രാത്രിയിലും ചോദ്യം ചെയ്യൽ തുടരുകയായിരുന്നു .കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന സംശയത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. പ്രത്യേകമായി ചോദ്യംചെയ്യാനാണ് ആദ്യഘട്ടത്തിൽ തീരുമാനം. വൈരുദ്ധ്യങ്ങളുണ്ടായാൽ ഒന്നിച്ചു ചോദ്യം ചെയ്യും.

കഴിഞ്ഞദിവസം വൈകിട്ട് ഡി.ഐ.ജി.ആർ.നിശാന്തിനി നേരിട്ട് എത്തി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.ഡി.ഐ.ജിയുടെ കൂടി നിർദ്ദേശപ്രകാരം ആകും തെളിവെടുപ്പ് സമയം തീരുമാനിക്കുന്നത്. ഇന്നും പ്രതികളുടെ ചോദ്യം ചെയ്യൽ തുടരും .ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കുന്നതോടെ അന്വേഷണം ഊർജ്ജിതമാക്കാനാണ് തീരുമാനം. കസ്റ്റഡി അപേക്ഷയിൽ ഉന്നയിച്ച കാരണങ്ങൾ…. കുട്ടിയെ പാർപ്പിച്ച സ്ഥലം കണ്ടെത്തി അവിടെനിന്ന് തെളിവുകൾ ശേഖരിക്കണം.

തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ ഘടിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തണം. കാറുകളിൽ നിന്നും കണ്ടെത്തിയ തെളിവുകളുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യണം. പ്രതികളെ മറ്റ് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും ഗൂഢാലോചനയിൽ പങ്കാളികൾ ഉണ്ടോഎന്നും കണ്ടെത്തണം. തട്ടിക്കൊണ്ടുപോകുമ്പോൾ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പ്രതികൾ എന്ത് ചെയ്തു. തട്ടിക്കൊണ്ടുപോകലിനു പ്രേരിപ്പിച്ച സാഹചര്യങ്ങൾ കണ്ടെത്തണം . കുട്ടിയെ ഉപേക്ഷിച്ച ശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തണം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …