കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ 9 വിദ്യാർഥികൾക്കും വനിത ഉൾപ്പെടെ മൂന്ന് സിവിൽ പോലീസ് ഓഫീസർമാർക്കും പരിക്കേറ്റു. രണ്ടു വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്.
സംഘർഷത്തെ തുടർന്ന് കോളേജ് അടച്ചു. ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ നീക്കാനുള്ള ശ്രമം സംഘർഷമായി മാറുകയായിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പ്രകോപനമില്ലാതെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചതായി കെഎസ്‌യു പറഞ്ഞു. കോളേജിൽ കെ എസ് യു തൂക്കിയ നക്ഷത്രം അഴിപ്പിച്ചശേഷം എസ്എഫ്ഐ അവിടെ നക്ഷത്രം തൂക്കി എന്നും ഇടതു അധ്യാപക സംഘടന എസ്എഫ്ഐക്ക് വേണ്ടി ഒത്തുകളിച്ച് കെഎസ്‌യു പ്രവർത്തകരെ അകാരണമായി സസ്പെൻഡ് ചെയ്തതെന്നും നേതാക്കൾ പറഞ്ഞു.
എന്നാൽ സർവകലാശാല പരീക്ഷയ്ക്ക് എത്തിയവരെ പോലും കോളേജിലേക്ക് കടത്തിവിടാൻ പ്രതിഷേധക്കാർ തയ്യാറായില്ലെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഉൾപ്പെടെയുള്ളവയ്ക്ക് കേസെടുത്തെന്നും ഡിവൈഎസ്പി എസ്. ഷെരീഫ് പറഞ്ഞു.