കൊല്ലത്ത് കോവിഡ് ബാധിച്ചു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചെന്ന് പൊലീസ്. സംസ്കാരത്തിന് ഒരുക്കങ്ങള്‍ നടത്തി ആംബുലന്‍സ് മൃതദേഹം ഏറ്റുവാങ്ങാന്‍
ആശുപത്രിയിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ക്ക് ശ്വാസം നേരെ വീണത്. മരിച്ചെന്നു കരുതിയ വീട്ടമ്മ ചികിത്സയിലുണ്ടൈന്ന് അറിഞ്ഞപ്പോഴാണു പൊലീസിനു പറ്റിയ പിഴവ് വ്യക്തമായത്.
നിലമേല്‍ കൈതക്കുഴി സ്വദേശിനിയായ 55 വയസുകാരിയായ വീട്ടമ്മ കോവിഡ് പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ചിട്ട് 3 ദിവസമായിട്ടും ആരെയും കിട്ടിയില്ല.
കഴിഞ്ഞ 20 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ 3 ദിവസം മുന്‍പാണു നെഗറ്റീവ് ആയത്.
ബന്ധുക്കളെ കണ്ടെത്തി ആശുപത്രിയിലെത്തിക്കണമെന്ന സന്ദേശമാണ് ആശുപത്രി അധികൃതര്‍ ഈസ്റ്റ് പൊലീസിനു കൈമാറിയത്. ഈസ്റ്റ് പൊലീസ് തെറ്റായി മരണവിവരം ആണു ചടയമംഗലം പൊലീസില്‍ അറിയിച്ചത്.
ചടയമംഗലം പൊലീസ് ഈ വിവരം പൗരസമിതി പ്രവര്‍ത്തകനെ അറിയിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തു അംഗം എ.എം. റാഫിയും മറ്റും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴും പൊലീസ് വിവരം ‘സ്ഥിരീകരിച്ചു’.
എന്നാല്‍ ആശുപത്രിയില്‍ എത്തിയ ബന്ധുക്കള്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയെയാണ് കണ്ടത്. ഏതാനും ദിവസത്തിനകം ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്നു കരുതുന്നു. വിവരമറിഞ്ഞു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും എഐസിസി പഞ്ചായത്ത്
രാജ് സമിതി ദേശീയ സെക്രട്ടറി ഡി. ഗീതാകൃഷ്ണനും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.