തട്ടിക്കൊണ്ടുപോകലും ലൈംഗിക പീഡനവും ആരോപിക്കപ്പെട്ട് പോക്സോകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 23 കാരന് 14 കാരിയെ പീഡിപ്പിച്ചതിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’
അവസ്ഥയെന്ന അഭിഭാഷകന്റെ വാദത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. പൂര്‍ണ്ണ വളര്‍ച്ച എത്തിയാലും കുട്ടിയായി തന്നെ പെരുമാറുന്ന പ്രതി 14 കാരിയെ പിന്നീട് വിവാഹം കഴിച്ചു.
കുട്ടികള്‍ ഒരിക്കലും വളരാത്ത നെവര്‍ നെവര്‍ ലാന്റ് എന്ന വിളിക്കപ്പെടുന്ന മിത്തിക്കല്‍ സ്ഥലത്ത് നിന്നുള്ള സാങ്കല്‍പ്പിക കഥാപാത്രമാണ് പീറ്റര്‍ പാന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ശരീരം കൊണ്ട് പ്രായപൂര്‍ത്തിയായാലും മനസ്സ്
കുട്ടിയായി തന്നെ നില നില്ക്കുന്ന അവസ്ഥയുള്ള മാനസീക വൈകല്യത്തെയാണ് പീറ്റര്‍ പാന്‍ സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. ഈ മാനസീകാവസ്ഥയില്‍ പെട്ടവര്‍ മുതിര്‍ന്നവരെ പോലെ
ഉത്തരവാദിത്വം കാട്ടാനോ ബന്ധങ്ങളില്‍ ഏര്‍പ്പെടാനോ ശേഷിയില്ലാത്തവരാണ്. അതേസമയം ലോകാരോഗ്യ സംഘടന ഇതിനെ ഒരു മാനസീക വൈകല്യമായി പരിഗണിച്ചിട്ടില്ല.
യുവാവ് പീറ്റര്‍ പാന്‍ സിന്‍ഡ്രോം ബാധിച്ചയാളാണെന്നും ഇരുവരും വിവാഹിതരായി ഭര്‍ത്താവിനെയും ഭാര്യയേയും പോലെ ജീവിക്കുകയായിരുന്നു എന്നും മകളുടെയും യുവാവിന്റെയും ബന്ധം ഇരയുടെ
കുടുംബത്തിന് പോലും അറിയുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഇരയുടെ കുടുംബത്തിന് കാര്യങ്ങള്‍ അറിയാമെങ്കിലും യുവാവിന്റെ അസുഖത്തിന്റെ പശ്ചാത്തലം മൂലം ഇഷ്ടമില്ലാതെ വരികയായിരുന്നെന്ന അഭിഭാഷകന്റെ
വാദം കോടതി ശരിവെച്ചു. യുവാവിന്റെ രോഗാതുരമായ അവസ്ഥ മുന്‍ നിര്‍ത്തുമ്ബോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നത് കാര്യമായി വരുന്നില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
ഇര എല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും എന്നാല്‍ യുവാവിന്റെ ദരിദ്രവും രോഗാതുരവുമായ പശ്ചാത്തലം മനസ്സിലാക്കിയാണ് ഇരയുടെ കുടുംബം എതിര്‍ക്കുന്നതെന്നും അഭിഭാഷകന് വാദിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചത്. യുവാവിന് ഒരു തരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്ന് കോടതി പറയുകയായിരുന്നു.