സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനത്തില്‍ കുറവുണ്ടാകുന്നുവെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ കുറയുന്നില്ലെന്ന് വിലയിരുത്തല്‍. ജൂണ്‍ അവസാനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിക്കാം എന്നായിരുന്നു
ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സമയത്ത് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാല്‍ തിങ്കളാഴ്ച മാത്രമാണ് ടിപിആര്‍ പത്തില്‍ താഴെയെത്തിയത്.
മറ്റെല്ലാ ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളിലായിരുന്നു. അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് ഉന്നതതലയോഗം പരിശോധിക്കും.
കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്നാണ് സര്‍ക്കാരിന് ആരോഗ്യവിദഗ്ധര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നാല് കാറ്റഗറികളായി തിരിച്ചുള്ള
നിയന്ത്രണങ്ങള്‍ മതിയെന്നും, അത് ശക്തമായി നടപ്പിലാക്കണമെന്നുമാണ് നിര്‍ദേശം. അതിനാല്‍ ഇന്നത്തെ അവലോകനയോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യതയില്ല.