കൊവിഡിന്റെ ഈറ്റില്ലമെന്ന് കരുതുന്ന ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് വകദേദം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് പേര്‍ക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന ചൈന ഡെല്‍റ്റ വൈറസ് വ്യാപനം എങ്ങനെ തടയുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരിലാണ് വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതും. കിഴക്കന്‍ നഗരമായ നാന്‍ജിംഗിലെ വിമാനത്താവളത്തിലാണ് ആദ്യമായി ഡെല്‍റ്റവ്യാപനം റിപ്പോര്‍ട്ടുചെയ്തത്. പൊടുന്നനെ മറ്റുസ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
രോഗവ്യാപനം തടയാനായി ഒരുകോടിക്ക് അടുത്തുവരുന്ന നഗരവാസികളെ രണ്ടാംഘട്ട പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നഗരത്തിലെ നാലുമേഖലകള്‍ അപകട സാദ്ധ്യത ഏറ്റവും കൂടുതലായ പ്രദേശങ്ങളുടെ പട്ടികയിലാണ്.
ഇവിടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. കൊവിഡിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് സര്‍വമേഖലയും തുറന്നുകൊടുത്ത് മുന്നോട്ടുകുതിച്ചിരുന്ന ചൈനയ്ക്ക് ഡെല്‍റ്റവ്യാപനം താങ്ങാനാവുന്നതിനും അപ്പുറമാണ്.
സാമ്ബത്തിക രംഗത്തുള്‍പ്പടെ ഇത് പ്രതിഫലിക്കും എന്നാണ് കരുതുന്നത്. ഡെല്‍റ്റ വ്യാപനം രൂക്ഷമായതോടെ ചൈനയുടെ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ട്.
സിനോഫാം ഡെല്‍റ്റ വൈറസിനെ ചെറുക്കുമെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്. ഈ വാക്സിന്റെ രണ്ടുഡോസും എടുത്തവരാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിപക്ഷവും. ഇതോടെ സിനോഫാം ഉപയോഗിച്ച മറ്റു രാജ്യങ്ങളും കടുത്ത ആശങ്കയിലാണ്.
ശ്രീലങ്ക, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷവും എടുത്തത് സിനോഫാം വാക്സിനാണ്. നേരത്തേ തന്നെ ലോകരാജ്യങ്ങള്‍ ചൈനയുടെ വാക്സിനുകളുടെ ഫലത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.