കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളിലും സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിലും സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ
പ്രതികളെ സി.പി.എം ഭയക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ അറസ്റ്റിലായാല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങും. കേസില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് പാളിച്ചകളുണ്ടായിട്ടുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുകയാണ് കെ.കെ.ശൈലജ ചെയ്തതെന്നും
സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് കൊണ്ട് കാര്യമില്ല. കരാറുകാര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കുന്നത് എങ്ങനെ ഉത്തേജക പാക്കേജാവും.
സര്‍ക്കാറിന്‍റെ ബാധ്യതകള്‍ തീര്‍ക്കുക മാത്രമാണ് ഉത്തേജക പാക്കേജിലൂടെ ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.