മലയോരത്ത് അജ്ഞാതരോഗം ബാധിച്ച് ആടുകള്‍ ചാകുന്നത് തുടര്‍ക്കഥയായിട്ടും രോഗം നിര്‍ണയിക്കാന്‍ കഴിയാതെ മൃഗസംരക്ഷണ വകുപ്പ്. കൃത്യമായ രോഗനിര്‍ണയം നടക്കാത്തതുമൂലം മറ്റ് ആടുകള്‍ക്കും
രോഗം ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. പൊയ്യമല സ്വദേശി വര്‍ഗീസിന്റെ ‘കാലാ ബീറ്റല്‍’ ഇനത്തില്‍പ്പെട്ട ആട് രോഗം ബാധിച്ച് അവശതയിലായി. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഡോക്ടര്‍മാരുടെ
സഹായം തേടിയെങ്കിലും കൃത്യമായി രോഗം നിര്‍ണയിക്കാന്‍ കഴിയാത്തതുമൂലം പനിക്കും മറ്റുമുള്ള ആന്റിബയോട്ടിക്കും ഗ്ലൂക്കോസും നല്‍കുകയായിരുന്നു. രോഗനിര്‍ണയത്തിനായി ആടിന്റെ രക്തം ശേഖരിച്ച് ജില്ല
വെറ്ററിനറി ലാബില്‍ എത്തിച്ചെങ്കിലും പരിശോധന സംവിധാനം തകരാറിലാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. അഞ്ചുമാസം മുമ്ബാണ് 45,000 രൂപ മുടക്കി തൃശൂരില്‍നിന്ന് വര്‍ഗീസ് ആടിനെ വാങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച വര്‍ഗീസിന്റെ ഇതേ ഇനത്തില്‍പ്പെട്ട ഗര്‍ഭിണിയായ ആട് സമാനരീതിയില്‍ ചത്തിരുന്നു. ആടിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും രോഗം നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ
ഇരട്ടത്തോട് സ്വദേശി ആയത്തുകുടി തമ്ബിയുടെ രണ്ട് ആടുകളും നരിക്കടവ് സ്വദേശി പുത്തന്‍പാറ ഫിലിപ്പിന്റെ ആടും സമാന ലക്ഷണങ്ങളോടെ ചത്തിരുന്നു. വെങ്ങലോടിയിലും ആടുകള്‍ ചത്തിട്ടുണ്ട്. രോഗം ബാധിച്ച ആടുകളില്‍നിന്ന് രോഗം പകരുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.