മഹാരാഷ്ട്രയില്‍ കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രത്നഗിരിയില്‍ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുംബൈ, ബീഡ്, റായ്ഗഡ്
എന്നിവിടങ്ങളില്‍ ഓരോ മരണം വീതവും സ്ഥിരീകരിച്ചു. 65 വയസിന് മുകളിലുള്ള മറ്റ് അസുഖബാധിതരാണ് മരിച്ചവര്‍. മരിച്ചവരില്‍ രണ്ടുപേര്‍ വാക്സിന്റെ ഒരു ഡോസും രണ്ടുപേര്‍
രണ്ടു ഡോസും സ്വീകരിച്ചിരുന്നു. അതെ സമയം ഒരാള്‍ വാക്സിന് സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
മഹാരാഷ്ട്രയില്‍ 66 പേര്‍ക്കാണ് ഇതുവരെ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഒരു കേസ്
റിപ്പോര്‍ട്ട് ചെയ്യുകയും ഒരാള്‍ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് എട്ടുവരെ 45 ഡെല്‍റ്റ പ്ലസ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിരുന്നത്.
രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര് പുരുഷന്മാരാണ്. മറ്റുള്ളത് സ്ത്രീകളുമാണ്. ഇതില്‍ ഏഴുപേര്‍ 18 വയസില്‍ താഴെയുള്ളവരാണ്. മുംബൈ, പുനെ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്നത്.