അഫ്ഗാനിസ്ഥാനില്‍ നിന്ന് അഫ്ഗാനികളെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരവെ കാബൂള്‍ വിമാനത്താവളത്തിലെ പ്രതിസന്ധികള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലൂടെയുള്ള ജനക്കൂട്ടത്തിന്റെ പലായനത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു.
നിരവധി പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി
ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ അമിതമായ വിലയ്ക്കാണ് ഭക്ഷണവും വെള്ളവും വില്‍ക്കുന്നതെന്ന് ഒരു അഫ്ഗാന്‍ പൗരനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര
വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഒരു കുപ്പി വെള്ളം ഏകദേശം 3000 ഇന്ത്യന്‍ രൂപയ്ക്കും ഒരു പ്ലേറ്റ് ചോറ് 7500 രൂപയ്ക്കുമാണ് വിമാനത്താവളത്തില്‍
വില്‍ക്കുന്നതെന്നും യു എസ് ഡോളര്‍ നല്‍കിയാല്‍ മാത്രമേ ഇത് വാങ്ങാന്‍ കഴിയുന്നുള്ളൂ എന്നും ഫസല്‍ ഉര്‍ റഹ്മാന്‍ എന്ന അഫ്ഗാന്‍ പൗരന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയില്‍ വിമാനത്താവളത്തിലെ ആള്‍ത്തിരക്ക് മൂലം സ്ത്രീകളും
കുട്ടികളും ദയനീയമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് മറ്റൊരു വ്യക്തിയും പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട് എന്ന് കേട്ടതിനെ തുടര്‍ന്ന് വിദേശത്തേക്ക് പോകാനാണ് താന്‍ വിമാനത്താവളത്തിലേക്ക് എത്തിയതെന്ന് മൂന്നാമതൊരാള്‍ പറയുന്നു.