മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെ വൈകിട്ട് ആറരക്ക് ശേഷം പെണ്‍കുട്ടികള്‍ കാമ്ബസിന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി മൈസൂരു സര്‍വകലാശാല. വൈകിട്ട് ആറരക്ക് ശേഷം മാനസഗംഗോത്രിയ കാമ്ബസിലേക്ക് പോകരുതെന്നാണ് നിര്‍ദേശം.
കൂടാതെ കുക്കരഹള്ളി തടാകത്തിന് സമീപം വൈകിട്ട് ആറരക്ക് ശേഷം പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകം. എന്നാല്‍ ആണ്‍കുട്ടികള്‍ക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല.
വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൊലീസ് വകുപ്പിന്‍റെ വാക്കാലുള്ള നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് സര്‍വകലാശാലയുടെ വാദം.
രാത്രി എട്ടുമുതല്‍ ഒമ്ബതുവരെ എല്ലാ ദിവസവും കാമ്ബസില്‍ അധിക സുരക്ഷ ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുമെന്നും സര്‍വകലാശാല പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് വിദ്യാര്‍ഥിയും സുഹൃത്തും പോകരുതായിരുന്നുവെന്നും
അവിടം വിജനമായ പ്രദേശമാണെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജനേന്ദ്ര പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ ‘കരുതല്‍’ ഉത്തരവുകള്‍. വിജനമായ സ്ഥലത്തേക്ക്
പെണ്‍കുട്ടികള്‍ ഒറ്റക്ക് സഞ്ചരിക്കരുതെന്നാണ് സര്‍ക്കുലര്‍ ഉദ്ദേശിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കൂടുതല്‍
വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം.ബി.എ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്.