പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ. വൈക്കം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റെജിമോനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശ്ശേരി ലക്ഷംവീട് കോളനിയില്‍ അഖിലി(ലെങ്കോ -32)നെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്സണ് ജോണ്‍ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവ് അനുഭവിക്കണം. 2019 ഒക്ടോബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖിലിനെ പിടികൂടാനാണ് വൈക്കം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വീട്ടില്‍ നിന്ന് ഓടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയെത്തിയ റെജിമോനെ മരക്കമ്ബ് ഉപയോഗിച്ച് ആക്രമിച്ചശേഷം പാടത്തേക്ക് തള്ളിയിട്ട് ശരീരത്തില്‍ കയറിയിരുന്ന് ആക്രമിക്കുകയായിരുന്നു.
വൈക്കം എസ്.ഐയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചുമാറ്റിയാണ് റെജിമോനെ രക്ഷിച്ചത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി വിവിധ വകുപ്പുകളിലായി 26ഓളം കേസുണ്ട്. പ്രതിക്കെതിരെ 294 ബി, 324, 333, 332, 506 (2) വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്.
വൈക്കം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എസ്. പ്രദീപാണ് കുറ്റപത്രം സമര്‍പ്പിച്ചത്.15 സാക്ഷികളെ വിസ്തരിച്ചു. 19 പ്രമാണവും നാല് തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ജിതേഷ് ഹാജരായി.