ഹിന്ദുദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ജയിലിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി ഗുജറാത്തില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ബജ്രംഗ്ദള്. ഒക്ടോബര്‍ ഒന്നുമുതലാണ് ഫാറൂഖിയുടെ ഗുജറാത്ത് സന്ദര്‍ശനം.
ഗുജറാത്തില്‍ പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ് ഫറൂഖിക്ക് ലഭിച്ചത്. ഗുജറാത്ത് ബജ്രംഗ് ദള്‍ നേതാക്കളുടേതാണ് ഭീഷണി സന്ദേശമെന്നാണ് റിപ്പോർട്ട്. ‘അവന് തന്റെ തൊഴിലിലൂടെ ഹിന്ദു മതത്തെ ആക്രമിക്കുന്നു. അവന് ഹാസ്യരൂപത്തില്‍ ഹിന്ദു സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു.
ഇത്തരം പ്രവൃത്തികളെ ബജ്രംഗ്ദള് പ്രോത്സാഹിപ്പിക്കില്ല’ -ഗുജറാത്തിലെ ബജ്രംഗ്ദള് നേതാവ് ജ്വാലിത് മെഹ്ത വിഡിയോ ട്വീറ്റ് ചെയ്തു. പരിപാടി റദ്ദാക്കാന്‍ മുനവര്‍ ഫാറൂഖിയോട് ആവശ്യപ്പെടുന്നതായും പരിപാടിയുമായി മുന്നോട്ടുപോകാനാണെങ്കില്‍ ശാരീരികമായും സാമ്ബത്തികമായും മാനസികമായും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ബജ്രംഗ്ദള് നേതാവ് മുന്നറിയിപ്പ് നല്കുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നുവരെയാണ് ഗുജറാത്തിലെ ഷോ. ഡോങ്ക്രി ടു നൗവെയര്‍ എന്നാണ് പുതിയ ഷോയുടെ പേര്.