കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകാന്‍ കാരണം താനും ഉമ്മന്‍ ചാണ്ടിയുമല്ലെന്ന് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പുനസംഘടനയില്‍ ഇത്തവണ വൈസ് പ്രസിഡന്‍്റ് സ്ഥാനത്ത് വനിതകളുണ്ടാവില്ലെന്നാണ് സൂചന. രമണി പി നായര്‍, ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും.
പദ്മജ വേണുഗോപാലിനെ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തും. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ള മുന്‍ ഡി.സി.സി അധ്യക്ഷന്മാര് പ്രത്യേക ക്ഷണിതാക്കളാകുമെന്നാണ് വിവരം. കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകാന്‍ താന്‍ കാരണക്കാരനാണെന്ന പ്രചാരണം തെറ്റെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ കെ.പി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കാതെ കെ. സുധാകരന് കേരളത്തിലേക്കു മടങ്ങിയതിനു പിന്നില്‍ തൃശൂരിലെ ഒരു നേതാവിനെച്ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് സൂചന. ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചതിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചു വരുമ്ബോഴാണു വീണ്ടും കോണ്‍ഗ്രസില്‍ കെ.പി.സി.സി ഭാരവാഹിപ്പട്ടിക പുറത്തുവരുന്നതിനു മുമ്ബുതന്നെ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.