വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്‍കി പൊലീസിനെ കബളിപ്പിച്ച അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി ചടയമംഗലം പൊലീസ്. തിരുവനന്തപുരം കാട്ടാക്കട മൈലാടി സ്വദേശി നന്ദകുമാര്‍ ആണ് യഥാര്‍ത്ഥ പേര് മറച്ച് വച്ച് നവമാധ്യമങ്ങളില്‍ പൊലീസിനെ പരിഹസിച്ച് വീഡിയോ പ്രചരിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ വണ്ടിയോടിച്ചതിന് പൊലീസ് 500 രൂപ പിഴ ഈടാക്കിയിരുന്നു. ആ സമയത്താണ് പൊലീസിന് നന്ദകുമാര്‍ തെറ്റായ മേല്‍വിലാസം നല്‍കിയത്.
സ്ഥലം അയോധ്യയെന്നും അച്ഛന്റെ പേര് ദശരഥന്‍ എന്നും സ്വന്തം പേര് രാമന്‍ എന്നും നന്ദകുമാര്‍ പറഞ്ഞു. നന്ദകുമാര്‍ നല്‍കിയ വിവരം തെറ്റാണെങ്കിലും സര്‍ക്കാരിന് കാശു കിട്ടിയാല്‍ മതിയെന്നായിരുന്നു പിഴയൊടുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
എന്നാല്‍ കള്ളപ്പേരും വിലാസവും പറഞ്ഞ് പൊലീസിനെ ട്രോളിയ വീഡിയോ നന്ദകുമാര്‍ പ്രചരിപ്പിച്ചതോടെയാണ് പൊലീസ് കേസ് എടുത്തതും ആളെ കണ്ടെത്തിയതും. നന്ദകുമാറിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
https://youtu.be/zhv4skel4bM