ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ 16 കാരിയെ കാസര്‍കോട്ടെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ മലപ്പുറത്തെ ശബീറിനെ (25) ആണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതിയും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്‍ നാസിര്‍(24), മുഹമ്മദ് അനസ്(19) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഓഗസ്റ്റ് 27ന് ആണ് കേസിനാസ്പദമായ സംഭവം സമൂഹമാധ്യമത്തിലൂടെ നേരത്തേ തന്നെ സുഹൃത്തുക്കളായിരുന്നു യുവാക്കള്‍. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പിന്തുടര്ന്ന് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സംഭവദിവസം ശബീറും മുഹമ്മദ് അനസും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി ശബീറിന്റെ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടു പോയി.
നീലേശ്വരത്തുണ്ടായിരുന്ന അബ്ദുല്‍ നാസിറിനെയും കൂട്ടി ഇവര്‍ കാസറകോട് ബേക്കല്‍ ബീച്ചിലേക്ക് പോയി. കാറില്‍ വെച്ച് അബ്ദുല്‍ നാസിര്‍ പെണ്‍കുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയായിരുന്നു. സെപ്റ്റംബര്‍ 21-നും ഇത് ആവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കിയതോടെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.