കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത തമിഴ് നടന് വിജയ്യെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു.
ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂര്‍ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ദീപാവലിക്കു റിലീസ് ചെയ്ത ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ആദായനികുതി വകുപ്പിന്റെ നടപടി.
വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചിത്രീകരണ സ്ഥലത്തുനിന്നു വിജയ് സ്വന്തം വാഹനത്തില്‍ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ചെന്നൈ ഇസിആര്‍ പനയൂരിലെ വീട്ടിലെത്തുകയായിരുന്നു.
ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയമുണ്ടെന്ന് ആരോപിച്ചാണു ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍, 4 വര്‍ഷത്തിനിടെ പുറത്തിറങ്ങിയ വിജയ് സിനിമകളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഏറെയുണ്ടായിരുന്നു,
അതിനാല്‍ രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണമാണ് ആരാധകര്‍ ഒന്നടങ്കം ഉന്നയിക്കുന്നത്. നോട്ട് നിരോധനം, ജിഎസ്ടി, തമിഴ്നാട്ടിലെ സൗജന്യ പദ്ധതികള്‍, ഫ്ലെക്സ് തലയില്‍ വീണു യുവതി മരിച്ച സംഭവം ഉള്‍പ്പെടെയുള്ളവ സിനിമകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.