കൂർത്തപല്ലുകൾ കൊണ്ട് മുൻപിലുള്ള ഇരയെ നിമിഷനേരം കൊണ്ട് ആക്രമിക്കുകയും അവയുടെ എല്ലുകൾ മാത്രം ബാക്കി വെക്കുന്ന പിരാനയെന്ന ചെകുത്താൻ മത്സ്യത്തെ മനുഷ്യർക്കും പേടിയാണ്. കാരണം ഇവയുടെ ആക്രമണസ്വഭാവം തന്നെയാണ്. അത്തരത്തിൽ പിരാനകളുടെ ആക്രമണത്തിന് ഇരയായി മരിച്ച ഒരു 30 കാരനാണ് വാർത്തകളിൽ ശ്രദ്ധനേടുന്നത്.
സംഭവം നടക്കുന്നത് ആമസോണിലാണ്. ആമസോണിലെ പിരാനകൾ അവയുടെ ഇത്തരത്തിലുള്ള ആക്രമണസ്വഭാവം മൂലം പ്രസിദ്ധമാണ്. തെക്കൻ ബ്രസീലിലെ ബ്രസീലാൻഡെ ഡി മിനാസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഫാമിലെ തടാകക്കരയിൽ മീൻ പിടിക്കാനെത്തിയതായിരുന്നു 30കാരനായ യുവാവ്.
എന്നാൽ അപ്രതീക്ഷിതമായാണ് തേനീച്ചക്കൂട്ടം ഇവരെ ആക്രമിച്ചത്. തേനീച്ച കൂട്ടത്തിൽ നിന്നും രക്ഷപെടാൻ ഇവർ നേരെ ചാടിയതോ പിരാന തടാകത്തിലേക്ക്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ നീന്തി കയറിയെങ്കിലും യുവാവിന് മാത്രം രക്ഷപെടാൻ സാധിച്ചിരുന്നില്ല. തീരത്തു നിന്നും 4 മീറ്റർ മാറിയാണ് ഇയാളുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
പിരാനകളുടെ ആക്രമണത്തിൽ വികൃതമായ രൂപത്തിലായിരുന്നു ഇയാളുടെ മൃതദേഹമുണ്ടായത്. അതേസമയം മുങ്ങിമരിച്ചതിന് ശേഷമാണോ പിരാനകൾ ആക്രമിച്ചത് അതോ ഇവയുടെ ആക്രമണത്തിലാണോ യുവാവ് കൊല്ലപ്പെട്ടതെന്നുള്ളത് പോസ്റ്റ് മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.