ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടന്‍ വിജയ് സിനിമാ ലൊക്കേഷനില്‍ തിരികെയെത്തി. 30 മണിക്കൂര്‍ നീണ്ട ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും ശേഷം തമിഴ് താരം വിജയ് പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ചിത്രീകരണ സ്ഥലത്ത് തിരിച്ചെത്തിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് വിജയ് തിരികെ എത്തിയത്. നെയ്‌വേലിയിലെ സെറ്റിലേക്കാണ് താരം തിരികെ എത്തിയത്. ഇവിടെവെച്ചായിരുന്നു ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയിനെ കസ്റ്റഡിയിലെടുത്തത്.
തിരികെ എത്തിയ വിജയിയെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയത്. ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.
വിജയ് യുടെയും ചിത്രത്തിന്റെ നിര്‍മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനകളില്‍ പണം കണ്ടെത്തിയിട്ടില്ല. എന്നാല്‍, സ്വത്തുകള്‍ സംബന്ധിച്ച രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.