അമ്പായത്തോട്ടില്‍ വളര്‍ത്തുനായ്ക്കളുടെ കടിയില്‍നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. നായ്ക്കളുടെ ഉടമയായ റോഷന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് നടപടി. അതേസമയം, റോഷനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ താമരശേരി ഡി വൈ എസ് പിക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസമാണ് നായ്ക്കളുടെ ആക്രമണത്തില്‍ അമ്പായത്തോട് മിച്ചഭൂമിയിലെ ഫൗസിയ(38)യ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കും ചെവിക്കുമെല്ലാം മാരകമായ മുറിവേറ്റ് ഗവ. മെഡികല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ സ്വന്തമായി എഴുന്നേറ്റിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്.
യുവതി ഇപ്പോഴും ആ ഭീകരാന്തരീക്ഷത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തമായിട്ടില്ല. നായ കുരച്ചു ചാടുമ്പോള്‍ ഫൗസിയ കയ്യിലുള്ള കുട കൊണ്ട് ആദ്യം തട്ടിമാറ്റാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അല്‍പം മാറിനിന്നെങ്കിലും നായ്ക്കള്‍ ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒടുവില്‍ വളരെ പണിപ്പെട്ടാണ് നാട്ടുകാര്‍ യുവതിയെ രക്ഷിച്ചത്. വളര്‍ത്തു നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായ പരിക്കേറ്റ ഫൗസിയയ്ക്ക് നായ്ക്കളുടെ ഉടമസ്ഥനില്‍നിന്നും നഷ്ടപരിഹാരം ഈടാക്കി
നല്‍കണമെന്നും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഉത്തരവ് കലക്ടര്‍ക്ക് നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗശാദ് തെക്കയില്‍ സമര്‍പിച്ച പരാതിയിലാണ് നടപടി. അതേസമയം, നേരത്തേയും നിരവധി ആളുകള്‍ക്ക് ഈ നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.