മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ഇടക്കാല ഉത്തരവ് തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലനിര്‍ത്താനാണ് ഇടക്കാല ഉത്തരവ്. ഒക്ടോബര്‍ 28നാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കിയത്.
അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ സ്ഥിതിഗതികള്‍ മേല്‍നോട്ട സമിതി വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു. കോടതിയുടെ നിര്‍ദേശ പ്രകാരം നവംബര്‍ 30ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സാധിക്കും. അതേസമയം ഹര്‍ജികള്‍ അടിയന്തരമായി
കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത മറ്റ് അടിയന്തര ഉത്തരവുകളൊന്നും ആവശ്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്. അണക്കെട്ടിലെ ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.